തിരുവനന്തപുരം: സിപിഎം (CPIM) തിരുവനന്തപുരം ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിമർശനം. അഭ്യന്തരവകുപ്പിലെ വീഴ്ചകൾ മുൻനിർത്തിയാണ് സമ്മേളനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലീസ് സേന നിരന്തരം സർക്കാരിനെ നാണം കെടുത്തുന്ന നിലയാണെന്നായിരുന്നു സമ്മേളനത്തിനിടെ സംസാരിച്ച പ്രതിനിധികളിൽ നിന്നും ഉയർന്ന വിമർശനം. എന്നാൽ രണ്ടാം പിണറായി സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് ജില്ലാ നേതൃത്വം വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ സീനിയർ നേതാവ് എം.വിജയകുമാറാണ് വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
തൈക്കാട് ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെ വിമർശനം ഉയർത്തി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. മന്ത്രിമാരുടെ ഓഫീസിൽ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നില നിർത്തിയത് എന്തിനാണെന്നും വിമർശനമുണ്ടായി.
തുടർച്ചയായി പൊലീസ് പ്രതിക്കൂട്ടിൽ ആയതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. സർക്കാരിന്റെ ജനകീയ
പ്രതിച്ഛായതന്നെ നഷ്ടപ്പെടുത്തും വിധത്തിൽ പൊലീസ് പ്രതിക്കൂട്ടിൽ ആകുന്നത് ഘടകകഷികളിൽപ്പോലും അതൃപ്തി പരത്തുകയാണ്. ഇതിനിടെയാണ് സിപിഎം ഏരിയ സമ്മേളനത്തിൽ തന്നെ വിഷയം ചർച്ചയാവുന്നത്.

















