തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ട്. തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാളക്കല്ല് സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി റെയിൽവേയും കെ റെയിലും സംയുക്തപരിശോധന നടത്തും.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത്. ഈ ഭൂമിയില്‍ അതിരടയാളക്കല്ല് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അതിരടയാളക്കല്ലുകള്‍ ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയില്‍വേ അധികൃതരും കെ റെയില്‍ അധികൃതരും അലൈന്‍മെന്റില്‍ സംയുക്ത പരിശോധന നടത്താനും ധാരണയായിട്ടുണ്ട്. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് അടക്കമുള്ളവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 530 കിലോ മീറ്റർ നീളത്തിലാണ് പാത. 11 ജില്ലകളിലൂടെയാണ് പാത കടന്ന് പോകുന്നത്. ഇതിൽ തിരുവന്തപുരം കൊല്ലം എറണാകുളം തൃശൂർ കണ്ണൂർ കാസർകോട് ജില്ലകളിൽ ഇപ്പോൾ അതിരടയാളകല്ലിടൽ നടക്കുന്നുണ്ട്. പദ്ധതിക്കെതിരെ യുഡിഎഫ് സംസ്ഥാനവ്യാപകപ്രക്ഷോഭം നടത്തുമ്പോഴാണ് റെയിൽവേഭൂമി ഏറ്റെടുത്ത് നടപടി തുടങ്ങാൻ തീരുമാനിച്ചത്.

















