തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച പോലീസ് മേധാവിയുടെ നിർദേശങ്ങൾ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.
ക്ലിഫ് ഹൗസ് സുരക്ഷക്കായി ഡിഐജി (സെക്യൂരിറ്റി) യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു പോലീസ് മേധാവി നിർദേശം നൽകിയിരുന്നത്.
സുരക്ഷാ ചുമതലയുള്ള ഡി.ഐ.ജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപവത്കരിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെയും നിയോഗിക്കും.
പുതിയ തസ്തിക സൃഷ്ടിക്കുന്നതിനായി പൊതുഭരണ വകുപ്പ് (എഐഎസ്-സി) വിഭാഗവുമായി ആലോചിക്കുന്നതായി ആഭ്യന്തര വകുപ്പ് ഡിജിപിക്കു നൽകിയ കത്തിൽ പറയുന്നു.
സമീപകാലത്ത് ക്ലിഫ് ഹൗസിനു ചുറ്റും പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനം.2020-ൽ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തിയപ്പോൾ പ്രവർത്തകർ അകത്തു കടന്നിരുന്നു. ഇതോടെ സുരക്ഷ വർധിപ്പിച്ചു തുടങ്ങിയിരുന്നു.

















