തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസും മരണവും കൂടുന്നതായും പ്രതിരോധ നടപടി സ്വീകരിക്കണമെന്നും കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.ഒരു മാസത്തെ കണക്കെടുത്താല്‍ രാജ്യത്തെ കോവിഡ് കേസില്‍ 55.8 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്രം അയച്ച കത്തില്‍ പറയുന്നു. 1,71,521 കേസാണ് ഇക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിനുപുറമെ മഹാരാഷ്ട്രയും തമിഴ്നാടുമാണ് കേസുകളില്‍ മുന്നില്‍. എന്നാല്‍, എണ്ണം താരതമ്യം ചെയ്യുമ്പോള്‍ മഹാരാഷ്ട്രയും തമിഴ്നാടും ഏറെ താഴെയാണ്. ശരാശരി ലക്ഷത്തിന് മുകളില്‍ പ്രതിദിന പരിശോധന നടന്നിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 50,000-60,000 പരിശോധനയേയുള്ളൂ. മറ്റ് രോഗങ്ങളുടെ ചികിത്സക്കായും വിദേശയാത്രക്കായും പരീക്ഷക്കായുമുള്ള പരിശോധനകളും ഇതില്‍ ഉള്‍പ്പെടും.
നാല് ജില്ലകളില്‍ പ്രതിവാര കേസ് സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിലേറെയാണ്. തിരുവനന്തപുരം (11.61), വയനാട് (11.25), കോഴിക്കോട് (11), കോട്ടയം (10.81) എന്നിവയാണിവ. ഒമ്ബത് ജില്ലകളില്‍ അഞ്ചിനും ഒമ്ബതിനും ഇടയിലാണ് ഈ നിരക്ക്. മരണനിരക്കില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് നേരിയ വര്‍ധനയുണ്ട്. 2118 മരണമാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുന്‍ ആഴ്ച 1890 ആയിരുന്നു. ഒരാഴ്ചക്കിടെ തൃശൂരിലും മലപ്പുറത്തും മരണസംഖ്യ വര്‍ധിച്ചു. മരണക്കണക്കിലെ താരതമ്യം അടക്കം ഉള്‍പ്പെടുത്തിയാണ് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്.
അതേസമയം, കോവിഡ് പ്രതിരോധത്തിൻറെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെന്നും കേരളം കോവിഡിനെ പ്രതിരോധിച്ച രീതി വ്യത്യസ്തമാണെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പിൻറെ നിലപാട്.
പുതിയ വൈറസ് വകഭേദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും കോവിഡ് കേസുകള്‍ കൂടുതലുള്ള ക്ലസ്റ്ററുകളില്‍നിന്ന് ജനിതക ശ്രേണീകരണത്തിനായി സാമ്പിൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. തീവ്രവ്യാപന ശേഷിയുള്ളവയാണ് പുതിയ വകഭേദങ്ങളെന്നതിനാല് വേഗം ക്ലസ്റ്ററുകള്‍ രൂപപ്പെടാം. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള കര്‍ശന നിരീക്ഷണം.
















