ന്യൂഡല്‍ഹി: കൃത്രിമ ഗര്‍ഭധാരണ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന ക്ലിനിക്കുകളെ നിയന്ത്രിക്കാനും ഈ രംഗത്തെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തടയാനും ലക്ഷ്യമിടുന്ന ബില്‍ ലോക്സഭ പാസാക്കി.ക്ലിനിക്കുകള്‍ക്കും അണ്ഡ, ബീജ ബാങ്കുകള്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി ദേശീയ രജിസ്ട്രി കൊണ്ടുവരുന്നതടക്കം നിരവധി നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. വഴിവിട്ട രീതികള്‍ക്ക് 12 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും വിധിക്കാം.
ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ കൊണ്ടുവന്ന കൃത്രിമ പ്രത്യുല്പാദന സാങ്കേതികവിദ്യ നിയന്ത്രണ ബില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടിരുന്നു. സമിതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചതാണ് ബില്‍. ക്ലിനിക്കുകള്‍ക്കും മറ്റുമായി ദേശീയ തലത്തില്‍ രജിസ്ട്രേഷന് അതോറിട്ടി കൊണ്ടുവരുമെന്ന് ചര്‍ച്ച ഉപസംഹരിച്ച ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
നിയന്ത്രണമോ ധാര്‍മികതയോ ഇല്ലാതെയാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും 80 ശതമാനം സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കുട്ടിക്കു വേണ്ടി ഭീമമായ ചെലവ് താങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവര്‍ക്ക് ഈ പ്രക്രിയയുടെ ഗുണഭോക്താക്കളാകാന്‍ സാധിക്കില്ലെന്നിരിക്കേ, ആഗ്രഹമുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്ബത്തിക സഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച കോണ്‍ഗ്രസിലെ കാര്‍ത്തി ചിദംബരം ആവശ്യപ്പെട്ടു. വാടക ഗര്‍ഭപാത്രം, ഗര്‍ഭഛിദ്രം, കൃത്രിമ ഗര്‍ഭധാരണം എന്നീ കാര്യങ്ങള്‍ക്ക് മൂന്നു വ്യത്യസ്ത നിയമനിര്‍മാണങ്ങളാണ് നടക്കുന്നതെന്നും ഇവ ഏകോപിപ്പിക്കുന്ന സമഗ്ര നിയമമാണ് വേണ്ടതെന്നും ആര്.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രന് ചൂണ്ടിക്കാട്ടി. അദ്ദേഹം മുന്നോട്ടുവെച്ച 20 ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളി.
മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
അണ്ഡവും ബീജവും നല്‍കുന്നവരുടെ യോഗ്യത, എത്ര തവണ ഇങ്ങനെ നല്‍കാം എന്നിവക്ക് മാര്‍ഗനിര്‍ദേശം കൊണ്ടുവരും. സുരക്ഷിതമായി സ്വീകരിച്ചു സൂക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം വേണം. ബീജം ശേഖരിക്കുന്നത് 21 മുതല്‍ 55 വയസ്സു വരെയുള്ളവരില്‍നിന്ന്. 23 മുതല്‍ 35 വരെയുള്ള വനിതകള്‍ക്ക് അണ്ഡം ദാനം ചെയ്യാം. വിവാഹിതയും ചുരുങ്ങിയത് ഒരു കുട്ടിയുടെ മാതാവുമായിരിക്കണം. പരമാവധി ഏഴു ശ്രമങ്ങളിലൂടെ, അണ്ഡദാനം ഒരിക്കല്‍ മാത്രം.
സേവനം നല്കുന്ന സ്ത്രീക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. കൃത്രിമ ഗര്‍ഭധാരണ നടപടികള്‍ക്ക് ദമ്ബതികള്‍ക്കൊപ്പം ദാതാവിൻറെയും രേഖാമൂലമായ സമ്മതം നിര്‍ബന്ധം. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിൻറെ ലിംഗനിര്‍ണയം പാടില്ല. ജനിക്കുന്ന കുഞ്ഞിനെ സാധാരണ പ്രസവത്തിലെ കുട്ടികളെപ്പോലെ പരിഗണിച്ച് തുല്യാവകാശങ്ങള്‍ നല്‍കണം. ഈ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതും വില്‍ക്കുന്നതും ബീജം ഇറക്കുമതി ചെയ്യുന്നതും അത് മൃഗങ്ങളില്‍ നിക്ഷേപിക്കുന്നതും കുറ്റകരം.
കൃത്രിമ ഗര്‍ഭധാരണ ക്ലിനിക്കുകള്‍ക്കും ബീജ, അണ്ഡ ബാങ്കുകള്‍ക്കും ദേശീയ രജിസ്ട്രി, ദേശീയ രജിസ്ട്രേഷന് അതോറിട്ടി. രജിസ്ട്രേഷന് സംസ്ഥാനതല അതോറിട്ടി. അടിസ്ഥാന സൗകര്യം, പരിശീലനം നേടിയ പ്രഫഷനലുകള്‍, സജ്ജീകരണങ്ങള്‍ എന്നിവ തൃപ്തികരമെങ്കില്‍ മാത്രം അംഗീകാരം. ചട്ടം ലംഘിച്ചാല്‍ രജിസ്ട്രേഷന് നഷ്ടമാകും. ക്ലിനിക്, ബാങ്ക് പ്രവര്‍ത്തന നിയന്ത്രണത്തിന് ദേശീയ, സംസ്ഥാന ബോര്‍ഡുകള്‍.
നിയമവ്യവസ്ഥകളുടെ ലംഘനത്തിന് ആദ്യം അഞ്ചു ലക്ഷം മുതല്‍ 12 ലക്ഷം വരെ പിഴ. വീണ്ടും നിയമം ലംഘിച്ചാല്‍ എട്ടു മുതല്‍ 12 വര്‍ഷം വരെ തടവ്; 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ പിഴ. ഈ നിയമത്തിനു കീഴില്‍ കേസ് പരിഗണിക്കുന്നതിന് കോടതികള്‍ക്ക് പരാതി കിട്ടേണ്ടത് ദേശീയ, സംസ്ഥാന ബോര്ഡുകളില്നിന്നോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നോ ആയിരിക്കണം.