ദില്ലി: ഒമിക്രോൺ വൈറസ് ബാധയിൽ ആശങ്ക തുടരുന്നതിനിടെ കർണാടക മുഖ്യമന്ത്രി ബസവ്വരാജ ബൊമ്മയ നാളെ ദില്ലിയിൽ എത്തും. കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയ്ക്കയാണ് ബൊമ്മയ ദില്ലിയിൽ എത്തുന്നത്. സംസ്ഥാനത്തിന് ബൂസ്റ്റർ ഡോസ് വാക്സീൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഒമിക്രോൺ വ്യാപന ഭീഷണിയാവും കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചയെന്നാണ് സൂചന.
കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംശയത്തെ തുടർന്ന് സാംപിൾ ഐസിഎംആർ ൽ വിദഗ്ധ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്ഥമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്
ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 63കാരൻ ബംഗ്ലൂരുവിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്റീലാക്കി. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. പരിശോധന ഫലം എന്തെന്ന് ദില്ലിയിൽ നിന്ന് പ്രഖ്യാപിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്റീനും നിർബന്ധമാക്കിയിട്ടുണ്ട്.
അതേസമയം ലോകരാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വ്യാപിക്കുകയും ഇന്ത്യ വൈറസ് ഭീതി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊവിഡിൻ്റെ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുത്തേക്കും. മൂന്നാം ഡോസ് വാക്സീനിൽ തീരുമാനം വൈകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഡിസംബർ രണ്ടാം വാരത്തോടെ ഇത് സംബന്ധിച്ച നയം പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഒമിക്രോൺ മുൻകരുതലിൻ്റെ ഭാഗമായി ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയ 1013 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കിയതായി ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ ഇവരുടെ പരിശോധനഫലം പുറത്തു വിട്ടിട്ടില്ല.