മുംബൈ: ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും മുംബയിലെത്തിയ ആറ് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മുംബയ് നഗരസഭ, മീര – ഭയന്ദാര്‍ നഗരസഭ, പൂനെ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും പിംപ്രി – ചിഞ്ച്‌വാദ് നഗരസഭാ പരിധിയില്‍ രണ്ട് പേര്‍ക്കും കൊവിഡ് പിടിപ്പെട്ടുവെന്ന് മുംബയ് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ പിംപ്രി – ചിഞ്ച്‌വാദ് നഗരസഭാ പരിധിയിലുള്ളവര്‍ നൈജീരിയയില്‍ നിന്നും ബാക്കിയുള്ളവര്‍ എല്ലാം ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് മുംബയിലെത്തിയത്.
പൂനെ നഗരസഭാ പരിധിക്കുള്ളില്‍ കൊവിഡ് പിടിപ്പെട്ട വ്യക്തിക്ക് 60 വയസിന് മുകളില്‍ പ്രായമുണ്ടെന്നും എന്നാല്‍ കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഇദ്ദേഹം കഴിഞ്ഞ 20ാം തീയതി സാംബിയയില്‍ നിന്നും മുംബയില്‍ എത്തിയതാണ്. ഇദ്ദേഹത്തിന്റെ സാംപിളുകള്‍ ജെനോം സീക്ക്വന്‍സിംഗിന് വേണ്ടി അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അടുത്തിടപ്പഴകിയ എല്ലാവരേയും ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയമാക്കിയെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
മുംബയില്‍ നിന്നും ഇദ്ദേഹം പൂനെയിലേക്ക് വന്ന കാറിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരുടേയും കൊവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെന്നും നിലവില്‍ പേടിക്കേണ്ട സ്ഥിതി ഇല്ലെന്നും മഹാരാഷ്ട്ര അധികൃതര്‍ അറിയിച്ചു.