മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയിലും റിലീസിനെത്തും. തീയറ്റര്‍ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീർച്ചയായും തീയറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തുമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.
“ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തീയേറ്റര്‍ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തീയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തും”. മോഹന്‍ലാല്‍ പറഞ്ഞു.
കോവിഡ് കാലത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൂടി വേണ്ടിയാണ് ഒ.ടി.ടി. സിനിമകള്‍ എടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കോവിഡ് സമയത്ത് ഒ.ടി.ടിയില്‍ മാത്രമേ സിനിമകള്‍ റിലീസ് ചെയ്യാനാകുമായിരുന്നുള്ളൂ. സിനിമയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവര്‍ക്ക് കൂടി വേണ്ടിയാണ് ഒ.ടി.ടി. സിനിമകള്‍ എടുത്തത്. നിലവില്‍ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ ഒ.ടി.ടിയ്ക്ക് കൊടുത്തു കഴിഞ്ഞു. മറ്റു ചിത്രങ്ങളുടെ കാര്യത്തില്‍ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും -മോഹന്‍ലാല്‍ വ്യക്തമാക്കി.
തീയറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടി യിൽ എത്തുമെന്ന് സംവിധായകൻ പ്രിയദർശനും അറിയിച്ചു. സീറ്റിങ് 50% മാത്രമാണ് ഉള്ളതെങ്കിലും ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ രണ്ടിനാണ് മരക്കാർ റിലീസിനെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.
















