തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ കൈമാറുന്നത്. ഇത്തവണ 48 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും, കപ്പേളയിലെ പ്രകടനത്തിലൂടെ അന്ന ബെന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
സ്വഭാവനടി ശ്രീരേഖ, സംവിധായകൻ സിദ്ധാർത്ഥ ശിവ, ഗായകൻ ഷഹബാസ് അമൻ, ഗായിക നിത്യ മാമ്മൻ, പ്രത്യേക അവാർഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേർ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങും.ഡിസംബർ 9 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് പോസ്റ്റർ നൽകികൊണ്ട് പ്രകാശനം നിർവഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പുരസ്‌കാര വിതരണത്തിന് ശേഷം 2020ലെ മികച്ച സംഗീത സംവിധായകനും പശ്‌ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്‌കാരം ലഭിച്ച എം ജയചന്ദ്രന്‍ നയിക്കുന്ന ‘പ്രിയഗീതം’ എന്ന സംഗീത പരിപാടി വേദിയിൽ അരങ്ങേറും. മധു ബാലകൃഷ്‌ണന്‍, സുദീപ് കുമാര്‍, വിധു പ്രതാപ്, ഷഹബാസ് അമന്‍, സിതാര കൃഷ്‌ണകുമാര്‍, മഞ്‌ജരി, മൃദുല വാര്യര്‍, രാജലക്ഷ്‌മി, നിത്യ മാമ്മന്‍, പ്രീത, അപര്‍ണ രാജീവ്, ശ്രീരാം ഗോപാലന്‍, രവിശങ്കര്‍, അര്‍ജുന്‍ കൃഷ്‌ണ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.