തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (നവംബർ-29) അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
അതേസമയം, മഴയിൽ വെള്ളറട കുടപ്പനമൂട് ജംഗ്ഷന് സമീപം റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. നെല്ലിക്കാമലയിലും വെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്. നിരവധി വീടുകൾ വെള്ളത്തിനടിയിലായി.
നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തിൽ തുടരും.