കൊറോണ വൈറസിന്‍റെ ഒമൈക്രോണ്‍ വകഭേദം പുതിയ വെല്ലുവിളിയാകുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമൈക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്.
വാക്സിന്‍ ലഭ്യതയില്‍ സമ്ബന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഈ അവസരത്തില്‍ ചര്‍ച്ചയാവുന്നുമുണ്ട്.54 രാജ്യങ്ങളാണ് ആഫ്രിക്കന്‍ വന്‍കരയുടെ ഭാഗമായിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളത് 11 ശതമാനം ആളുകള്‍ക്ക് മാത്രമാണ്. രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചതാവട്ടെ 7.2 ശതമാനം പേര്‍ക്ക് മാത്രവുമാണെന്ന് ഔർ വേൾഡ് ഇൻ ഡാറ്റ വെബ്സൈറ്റിലെ കണക്കുകള്‍ പറയുന്നു.
സമ്പന്നരാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എന്ന പേരില്‍ മൂന്നാം ഡോസ് നല്‍കിത്തുടങ്ങിയിരിക്കുമ്ബോഴാണ് ദരിദ്രരാജ്യങ്ങള്‍ ഏറെയുള്ള ആഫ്രിക്കയില്‍ ഈ അവസ്ഥ.യൂറോപ്പിലും വടക്കേ അമേരിക്കയിലും 50 ശതമാനത്തിലേറെ പേരും പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ചവര്‍ 60 ശതമാനത്തിലേറെയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ 50 ശതമാനത്തോളമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഫിക്കന്‍ രാജ്യങ്ങളില്‍ 10 ശതമാനത്തിന് മാത്രമേ, അതായത് അഞ്ച് രാജ്യങ്ങള്‍ക്ക്, പ്രഖ്യാപിത ലക്ഷ്യമായ 40 ശതമാനം വാക്സിനേഷന്‍ വര്‍ഷാവസാനത്തോടെ കൈവരിക്കാനാകൂവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
22.7 കോടി ഡോസ് വാക്സിനാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ നല്‍കിയതിന്‍റെ 20 ശതമാനത്തിലും താഴെ മാത്രമാണിത്. യൂറോപ്പില്‍ മാത്രം ഇതുവരെ 90 കോടി ഡോസ് വാക്സിനും, യു.എസില്‍ 45 കോടി ഡോസ് വാക്സിനും നല്‍കിക്കഴിഞ്ഞു.
ഇത് അനാരോഗ്യകരമായ പ്രവണതയാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാക്ക രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സംവിധാനത്തിലൂടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍ വഴിയുമാണ് പ്രധാനമായും വാക്സിന്‍ ലഭിക്കുന്നത്.