കൊച്ചി: മോഫിയ പർവീൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ എസ് പി ഓഫീസിലേക്കുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ച് എസ് പി ഓഫീസിന് സമീപം തടഞ്ഞു. പോലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു. നിലവിൽ സമാധാനപരമാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ മാർച്ച്.
എന്നാൽ വീണ്ടും ഒരു അക്രമ സാഹചര്യത്തിലേക്ക് നീങ്ങിയേക്കാം. സിഐക്കെതിരെ ഇതുവരെ നടപടിയെടുക്കത്ത പക്ഷം പ്രവർത്തകരുടെ ഭാഗത്ത് നിന്നും വൈകാരിക പ്രകടനങ്ങൾ ഉണ്ടായാൽ തങ്ങൾ അത് തടയാൻ നിൽക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇനിയൊരു പ്രകോപനം ഉണ്ടായാൽ ലാത്തി ചാർജിലേക്ക് പോലീസ് കടന്നേക്കും. ആലുവ നഗരത്തിൽ ഇതിനു മുൻപ് ഇത്രയധികം പോലീസുകാരെ വിന്യസിച്ചുള്ള പ്രതിഷേധം നടന്നിട്ടില്ല. നിലവിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം, മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിൻ്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പോലീസിൻ്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.