സൂപ്പർതാര ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നതോടെ വീണ്ടും സിനിമാരംഗം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ചെറിയ സിനിമകൾക്കു പിന്നാലെ എത്തിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പാണ് തിയറ്ററുകളിൽ ആവേശം നിറച്ചത്. അതിനു പിന്നാലെ സുരേഷ് ഗോപിയുടെ കാവലും മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാറും റിലീസിന് ഒരുങ്ങുകയാണ്.
എന്നാൽ വമ്പൻ സിനിമകളുടെ വരവ് ചെറു ചിത്രങ്ങളുടെ റിലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിയറ്ററുകളിൽ ഷോകൾ ലഭിക്കാത്തതിനാൽ റിലീസ് മാറ്റിയിരിക്കുകയാണ് സുമേഷ് ആൻഡ് രമേഷ്. ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളുകളിലെത്തുന്ന സുമേഷ് ആന്‍ഡ് രമേഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തേണ്ടിയിരുന്നത്.
എന്നാൽ തിയറ്ററുകളിൽ മതിയായ ഷോകൾ ലഭിക്കാതെ വന്നതോടെ ചിത്രത്തിൻ്റെ റിലീസ് മാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാവുകയായിരുന്നു. ചിത്രത്തിൻ്റെ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ തന്നെയാണ് റിലീസ് മാറ്റുന്ന വിവരം പങ്കുവച്ചത്. എന്നാൽ ചിത്രത്തിൻ്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ സനൂപ് തൈക്കൂടമാണ് ചിത്രത്തിന്‍റെ സംവിധാനം.