തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുകയും അറബികടലിൽ ചക്രവാത ചുഴി നിലനിൽക്കുകയും ചെയ്യുന്നതിനാൽ തിരുവനന്തപുരം മുതൽ കോഴിക്കോടുവരെ ശക്തമായ മഴ പെയ്യും.
മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ ആറുമുതൽ 11 സെന്റീമീറ്റർ മഴയാണ് പ്രവചിക്കുന്നത്. മലയോര ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനാൽ ഓറഞ്ച് അലർട്ടിനു തുല്യമായ ജാഗ്രതാ മുന്നറിയിപ്പുണ്ട്.