ചെന്നൈ: തമിഴ്നാട്ടിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരപ്പത്തൂർ, വെല്ലൂർ ജില്ലകളിലാണ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.
വ്യാഴാഴ്ച രാവിലെ മുതൽ ചെന്നൈ നഗരത്തിൽ ഇടവിട്ട് മഴ പെയ്തിരുന്നു. വൈകീേട്ടാടെ ഇടിമിന്നലോടുകൂടിയ കനത്ത മഴയായി മാറി. ചിലയിടങ്ങളിൽ വീണ്ടും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇതുകാരണം വാഹനഗതാഗതം മറ്റു വഴികളിൽ തിരിച്ചുവിട്ടു. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് 600 ഭീമൻ മോേട്ടാർ പമ്പുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നവംബർ ആറ് മുതൽ 11 വരെ ഉണ്ടായ പേമാരിയിലും രൂക്ഷമായ മഴക്കെടുതികളാണുണ്ടായത്. ഇതുമൂലം ചെന്നൈയിലെ ജനജീവിതത്തെ ബാധിച്ചിരുന്നു. നാഗപട്ടണം, കടലൂർ തുറമുഖങ്ങളിൽ അപായ മുന്നറിയിപ്പുണ്ട്. പുതുച്ചേരിയിലും കനത്ത മഴയാണ് ലഭിച്ചത്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ച പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.