പാലക്കാട് അട്ടപ്പാടിയിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ അനാസ്ഥമൂലം 15 ദിവസം പ്രായമായ നവജാത ശിശുമരിച്ചു. വടകോട്ടത്തറ മുരുകേഷിന്റെയും ശിവകാമിയുടെയും ആൺകുഞ്ഞാണ് ഞായറാഴ്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ശിവകാമിയെ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ സ്കാനിങ്ങിൽ കുഞ്ഞിന്റെ യഥാർഥ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞില്ല. തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് ഗർഭാവസ്ഥയിൽ കുഞ്ഞിന് മലദ്വാരമില്ലായ്മയും അതിനെത്തുടർന്ന് ഗുരുതര ഹൃദ്രോഗവുമുണ്ടെന്ന് കണ്ടെത്തിയത്.
ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർചെയ്തു. 10ന് പ്രസവിച്ചു. 17നും 24നും ശസ്ത്രക്രിയ നടത്തിയിട്ടും ഞായറാഴ്ച കുഞ്ഞ് മരിച്ചു. കോട്ടത്തറ ആശുപത്രിയിൽ കൃത്യമായ ചികിത്സയും സ്കാനിങ്ങും നടത്തിയിരുന്നെങ്കിൽ രോഗവിവരം കണ്ടെത്താമായിരുന്നുവെന്നും അതിനുകഴിയാത്തതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതോടെ അട്ടപ്പാടിയിൽ നാലുദിവസത്തിനിടെ രണ്ടാമത്തെ നവജാത ശിശുമരണമാണിത്.















