ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വീണ്ടും ചൈനയുടെ കൈയേറ്റം. ചൈനീസ് കൈയേറ്റം സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ ദേശീയ മാധ്യമമായ എൻ.ഡി.ടി.വി പുറത്തു വിട്ടു.
60 കെട്ടിടങ്ങൾ അടങ്ങുന്ന ഉപഗ്രഹ ചിത്രമാണ് മാധ്യമം പുറത്തു വിട്ടത്. 2019 ൽ ഇവിടെ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വർഷം കൊണ്ടാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അരുണാചലിൽ ചൈന നിർമ്മിച്ച കെട്ടിടങ്ങളെക്കുറിച്ച് ജനുവരിയിൽ എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പിന്നീട് പെന്റഗൺ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അറുപതോളം കെട്ടിടങ്ങൾ കൂടി അരുണാചലിൽ ചൈന നിർമ്മിച്ചതായുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ആദ്യം നിർമിച്ച കെട്ടിടങ്ങളുടെ 93 കിലോ മീറ്റർ കിഴക്ക് മാറിയാണ് ഇപ്പോൾ പുതിയ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്.
അതിർത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ മാത്രമായിട്ടാണ് ചൈന വീണ്ടും നിർമാണം നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിക്കും ഇന്ത്യ – ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്കും സമീപത്തായിട്ടാണ് നിർമാണം. എന്നാൽ ഇത് ഇന്ത്യയുടെ പ്രദേശത്ത് തന്നെയാണോ എന്നത് സംബന്ധിച്ച വിവരങ്ങൾ ചിത്രത്തിൽ നിന്ന് വ്യക്തമല്ല എന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
അതിർത്തി പ്രദേശത്തും അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലങ്ങളിലും ചൈന നിർമാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ ചൈനീസ് അധിനിവേശം ഇന്ത്യ അംഗീകരിക്കുകയോ വിഷയത്തിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, വേറെ ഒരു രാജ്യത്തിന്റേയും ഭൂമി കൈവശപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഏതെങ്കിലും രാജ്യം ഇന്ത്യയെ ഉറ്റു നോക്കിയിട്ടുണ്ടെങ്കിൽ അതിന് തക്കതായ മറുപടി നൽകിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാൻ രാജ്യത്തെ ധീരരായ സൈനികർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.