ദില്ലി: സിബിഐ ഇഡി ഡയറക്ടർമാരുടെ ( enforcement directorate ) കാലാവധി നീട്ടാനുള്ള കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കോൺഗ്രസ് (congress) സുപ്രീം കോടതിയെ (supreme court) സമീപിച്ചു. സർക്കാർ ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. നടപടി സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഹർജിയിൽ ആരോപിച്ചു. രണ്ട് വർഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടർമാരുടെ കാലാവധിയാണ് അഞ്ച് വർഷമാക്കി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. തൃണമൂൽ കോൺഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നീക്കത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. അടുത്ത നവംബർ വരെയാണ് കാലാവധി നീട്ടിയത്. എസ് കെ മിശ്രയുടെ സർവീസ് ഈ മാസം അവസാനിരിക്കെയാണ് നടപടി. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീം കോടതി നിർദ്ദേശം മറിക്കടക്കാനാണ് കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയത്.