ഇസ്ലാമാബാദ് :കർതാർപൂർ സാഹിബ് ഇടനാഴി ബുധനാഴ്ച മുതൽ വീണ്ടും തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.സിഖ് സ്ഥാപകൻ ഗുരു നാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാക്കിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക്ക് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ കർതാർപൂർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
വരാനിരിക്കുന്ന ഗുരുനാനാക്ക് ദേവിന്റെ ജന്മദിന ആഘോഷങ്ങൾക്കായി കർതാർപൂർ ഇടനാഴി വീണ്ടും തുറക്കണമെന്നും സിഖ് തീർത്ഥാടകരെ പുണ്യസ്ഥലം സന്ദർശിക്കാൻ അനുവദിക്കണമെന്നും പാകിസ്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 2019 നവംബർ ഒമ്പതിനാണ് കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്തത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഉദ്ഘാടനം നിർവഹിച്ചത്. നാല് കിലോമീറ്റർ ദൈർഘ്യമുള്ള കർതാർപൂർ ഇടനാഴി, ഇന്ത്യയിലെ സിഖ് തീർത്ഥാടകർക്ക് പാകിസ്ഥാനിലേക്ക് വിസ രഹിത പ്രവേശനം നൽകുന്നതാണ്.