മസ്കത്ത്: ആഗോള വാണിജ്യ വ്യാപാരമേളയായ ദുബൈ എക്സ്പോയിലെ ഒമാെൻറ പവലിയൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സന്ദർശിച്ചു. പവലിയെൻറ പ്രത്യേകതകൾ വിദേശകാര്യ മന്ത്രിക്ക് വിശദീകരിച്ചു നൽകി. ശനിയാഴ്ചയാണ് അദ്ദേഹം പവലിയനിലെത്തിയത്. ഉന്നതതല പ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതേസമയം, ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം പവലിയൻ സന്ദർശിച്ചത്. ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെൻറിെൻറയും ദൃശ്യാവിഷ്കാരം ആകർഷണീയ ഘടകങ്ങളിലൊന്നാണ്. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളും പവലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നു.
ഒമാനെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോയിലൂടെ പരിചയപ്പെടുത്തുന്നു. ഒമാനിൽനിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. അവസരങ്ങളുടെ തലമുറകൾ എന്ന പേരിൽ കുന്തിരിക്ക മരത്തിെൻറ കഥയും അതിെൻറ ജീവിതചക്രവും അടിസ്ഥാനമാക്കിയാണ് പവലിയൻ രൂപകൽപന. ദുബൈ ഭരണാധികാരി ശൈഖ് മക്തൂം, ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി ദീ യസിൻ ബിൻ ഹൈതം ബിൻ താരിക് അൽ സഈദ് അടക്കമുള്ള പ്രമുഖർ പവലിയൻ സന്ദർശിച്ചിരുന്നു.