അബുദാബി: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. വാക്സീനും പിസിആർ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് നൽകുന്നത്
ഫൈസർ, സിനോഫാം, ഹയാത് വാക്സ്, സ്പുട്നിക്–5, അസ്ട്രാസെനക, മൊഡേണ, കോവിഷീൽഡ്, ജാൻസെൻ, സിനോവാക് എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സീനുകൾ. 2020 ഒക്ടോബർ ഒന്നിനു ശേഷം വാക്സീൻ എടുത്തവർക്കു റജിസ്റ്റർ ചെയ്യാം.
വാക്സീൻ എടുത്തയാളുടെ പേര്, തിരിച്ചറിയൽ കാർഡ്/പാസ്പോർട്ട് നമ്പർ, വാക്‌സീന്റെ പേര്, ബാച്ച് അല്ലെങ്കിൽ ലോട്ട് നമ്പർ, വാക്‌സിനേഷൻ സ്ഥലം, തീയതി എന്നിവ രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാം. നിലവിൽ യുഎഇയിലുള്ള സന്ദർശകർക്ക് അബുദാബിയിലെ സർക്കാർ ആശുപത്രികളിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാം.