ന്യൂഡൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാകിസ്താൻ നാവികസേന വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റതായും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലാണ് പാക് നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെച്ചത്. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് വെടിവെപ്പുണ്ടായത്.
ജൽപാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. പാക് നാവികസേനാംഗങ്ങൾ അകാരണമായി ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന മറ്റ് ആറ് പേരെ പാക് നാവികസേന തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഗുജറാത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ കോസ്റ്റ് ഗാർഡോ സർക്കാരോ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ദ്വാരക തീരപ്രദേശത്ത് മുൻപും പാക് നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. 2013-ൽ പാക് നാവികസേന നടത്തിയ വെടിവെപ്പിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം 11 മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.