മുംബൈ: കള്ളപ്പണ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 9 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി നിരസിച്ചു. പി എം എൽ എ കോടതിയുടേതാണ് നടപടി. നവംബർ 19 വരെ അദ്ദേഹം കസ്റ്റഡിയിൽ തുടരും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ ഒന്നിനാണ് അനിൽ ദേശ്മുഖ് അറസ്റ്റിലായത്.
മുംബൈ മുൻ പോലീസ് കമ്മിഷണർ പരംബീർ സിംഗിൻ്റെ ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നാണ് അനിൽ ദേശ്മുഖ് വാദിക്കുന്നത്.
ഇതിനിടെ ആരോപണത്തിൽ നിലപാട് മാറ്റി മുൻ പോലീസ് കമ്മിഷണർ പരംബീർ സിംഗ് രംഗത്തെത്തിയിരുന്നു. അനിൽ ദേശ്മുഖിനെതിരെ തൻ്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞിരുന്നു. അന്വേഷണ കമ്മിഷന് സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് പരംബീർ സിംഗ് ഇക്കാര്യം അറിയിച്ചത്.