ഇന്ധന വില ഇന്നും വർധിപ്പിച്ചു. തുടർച്ചയായ ഏഴാം ദിനമാണ് ഇന്ധന വില കുത്തനെ കൂട്ടുന്നത്. ഇതോടെ രാജ്യത്തെ പെട്രോൾ വില 110 കടന്ന് മുന്നേറുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്. ഇന്ധനമെന്നത് സാധാരണക്കാരെ സംബന്ധിച്ച് ഒരു പേടി സ്വപ്നമാവുകയാണ്. ഇന്ധനവിലവർദ്ധനവിനെതിരെ ഒരു വലിയ പ്രക്ഷോഭം രാജ്യത്ത് ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ധന വില 50 രൂപയാക്കി കുറയ്ക്കുമെന്ന മോഹനവാഗ്ദാനം തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി നയിക്കുന്ന എൻഡിഎ ജനങ്ങൾക്ക് നൽകിയിരുന്നു. മറ്റു പല വാഗ്ദാനങ്ങളെയും പോലെ അതിന് നേർ വിപരീതമാണ് സംഭവിച്ചത്. 50 രൂപയാക്കി കുറച്ചില്ലെന്ന് മാത്രമല്ല അതിന്റെ ഇരട്ടിയാക്കുകയും ചെയ്തു. എല്ലാവർക്കുമറിയാവുന്ന പോലെ നിലവിലെ ഇന്ധനവിലയുടെ പകുതിയും കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കുള്ള നികുതിയാണ്. ഇവ കുറക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല.
ഇപ്പോൾ പലയിടങ്ങളിലായി ചെറിയ രീതിയിൽ വില വർദ്ധനവിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. പ്രതിഷേധത്തിൽ മുന്നിലുള്ളത് കേന്ദ്രത്തിലും സംസ്ഥനത്തും പ്രതിപക്ഷത്തുള്ള കോൺഗ്രസാണ്. എന്നാൽ ഇന്നലെ മുതൽ പ്രതിഷേധം കൂടുതൽ വ്യാപിക്കാൻ തുടങ്ങി. ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മിക്കയിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. സമരം ശക്തമാകാൻ കാരണമായത് ഇന്നലെ സിനിമ താരം ജോജു ജോർജ്ജ് സമരക്കാർക്ക് നേരെ നീങ്ങിയതോടെയാണ്.
എറണാകുളത്ത് ഇന്ധനവില വർദ്ധനവിനെതിരെ വഴി തടഞ്ഞ് സമരം നടത്തുകയായിരുന്നു മുൻ മേയർ ടോണി ചെമ്മണിയുടെയും ഷിയാസിന്റെയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ. സമരം തുടങ്ങിയതോടെ വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഇതിനിടയിലാണ് വാഹനങ്ങളുടെ നീണ്ട നിരയിലുണ്ടായുണ്ടായിരുന്ന ജോജു ജോർജ്ജ് പ്രതിഷേധവുമായി എത്തിയത്. ജോജുവിന്റെ പ്രതിഷേധം സമരക്കാരെ പ്രകോപിപ്പിക്കുകയും ജോജുവിന്റെ കാറിന്റെ ഗ്ലാസ് ഉടക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങൾ.
കോൺഗ്രസ് പ്രവർത്തകർ ജോജു സ്ത്രീകളെ കയ്യേറ്റം ചെയ്‌തെന്നും മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ആരോപിച്ചു. എന്നാൽ മദ്യപിച്ചിട്ടില്ലെന്ന് ജോജു പറഞ്ഞു. താൻ മദ്യപിക്കാറുണ്ടായിരുന്നെന്നും അത് നിർത്തിയിട്ട് ഏറെ കാലം ആയെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ പോലീസ് ജോജുവിനെ കൊണ്ടുപോയി പരിശോധന നടത്തി. മെഡിക്കൽ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. സ്ത്രീകളെ കയ്യേറ്റം ചെയ്തതും ഇതുപോലെ ആകുമെന്നാണ് വിമർശനം.
സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണപക്ഷ – പ്രതിപക്ഷ നേതാക്കൾ കളം പിടിച്ചു. തങ്ങൾ സമരം നടത്തുമ്പോൾ അത് ജനകീയ പ്രതിഷേധവും മറ്റുള്ളവർ നടത്തുമ്പോൾ അത് പാടില്ലാത്തതും ആണെന്നാണ് ഇവർ വര്ഷങ്ങളായി പറയുന്നത്. അതുകൊണ്ടു തന്നെ ജോജുവിന് നേരെയുണ്ടായ പ്രതിഷേധവും വഴിതടയൽ സമരവും അനൂകുലിച്ചും അപലപിച്ചുമുള്ള ഭരണ – പ്രതിപക്ഷ ഗിമ്മിക്കുകൾക്ക് വലിയ വില നൽകേണ്ടതില്ല.
എന്നാൽ തെരുവ് സമരങ്ങൾ വേണമോ വേണ്ടയോ എന്നതാണ് പുതിയ ചർച്ചകൾ. ചരിത്രം പരിശോധിച്ചാൽ സമരങ്ങൾക്ക് വേദിയാകുന്നത് തെരുവുകൾ തന്നെയാണ്. ലോകത്തിന്റെ എല്ലായിടങ്ങളിലും സമരങ്ങൾ ഇപ്പോഴും നടന്ന് വരുന്നത് തെരുവുകളിലാണ്. ഷഹീൻ ബാഗും കർഷക സമരവുമെല്ലാം തെരുവിൽ തന്നെയാണ്. അടച്ചിട്ട മുറികളിൽ ഇരുന്ന് ജനകീയ സമരങ്ങൾ വിജയിപ്പിക്കാനാവില്ല. ഒരു പട്ടി കുറുകെ ചാടിയാൽ പോലും റോഡ് ബ്ലോക്ക് ആവുന്ന കേരളത്തിൽ സമരങ്ങൾ കൊണ്ട് റോഡ് ബ്ലോക്ക് ആവുന്നത് പുതുമയല്ല.
സമരങ്ങളെക്കാൾ ബ്ലോക്ക് ആകാറുണ്ട് പലപ്പോഴും രാഷ്ട്രീയപാർട്ടികളുടെ ആഘോഷ പരിപാടികൾക്കും സംഘടനാ പരിപാടികൾക്കും. ഇത് എതിർക്കപ്പെടുകയും സമരങ്ങളെ അനുകൂലിക്കുകയും വേണം. കാരണം ഇത്തരം സമരങ്ങൾ നടക്കുന്നത് മുഴുവൻ ജനങ്ങൾക്ക് വേണ്ടിയാണ്. സമരത്തിൽ പങ്കെടുക്കുന്ന ഏതാനും പേർക്ക് വേണ്ടി മാത്രമാകില്ല. എന്നാൽ സമരത്തിന്റെ പേരിൽ അടികൊള്ളുന്നതും കേസ് ചുമത്തപ്പെടുന്നതും സമരത്തിന്റെ ഭാഗമായവർക്ക് നേരെയാണ്. സമരം വിജയിച്ചാൽ ഗുണം എല്ലാവർക്കുമാണ്.
റോഡ് ഉപരോധിച്ചുള്ള സമരങ്ങൾ നടക്കുമ്പോൾ കൃത്യമായ ഇടപെടൽ നടത്തേണ്ടത് പോലീസ് വിഭാഗമാണ്. ട്രാഫിക് കൺട്രോൾ ചെയ്യാനും വാഹനങ്ങളെയും അത്യാവശ്യക്കാരേയും വഴി തിരിച്ചുവിടാനും ബദൽ മാർഗങ്ങൾ ഒരുക്കൽ അവരുടെ ജോലിയാണ്. ആംബുലൻസ് പോലുള്ള വാഹനങ്ങൾ ഏത് സമരത്തിന് ഇടയിലൂടെയും കടന്ന് പോകാറുണ്ട്. ഇവിടെ കൊച്ചി ഡിസിപി പറഞ്ഞത് സമരത്തിന് പോലീസ് അനുമതി ഇല്ലായിരുന്നു എന്നാണ്. എല്ലാ സമരവും പ്രതിഷേധവും അനുമതി വാങ്ങി നടത്താൻ സാധിക്കില്ലല്ലോ. അല്ലെങ്കിൽ തന്നെ ഭരണകൂടത്തിന് എതിരെ നടക്കുന്ന സമരത്തിന് ഭരണകൂടത്തിന്റെ അനുമതി വേണമെന്ന് പറയുന്നത് ന്യായമല്ലല്ലോ. സമര സാധ്യത മനസിലാക്കി വേണ്ട ഒരുക്കങ്ങൾ നടത്തുയാണ് വേണ്ടത്. അതിനാണല്ലോ ഇന്റലിജൻസ് വിഭാഗവും മറ്റും ഉള്ളത്.
ജനകീയ പ്രതിഷേധങ്ങൾ തുടരേണ്ടത് തന്നെയാണ്. അതിന്റെ പ്രസക്തി ഏറെ വർധിച്ച ഇക്കാലത്ത്. ജനകീയ സമരമായാലും എന്തായാലും അതിനെതിരെയും ശബ്ദങ്ങൾ ഉയരും. അപ്പോൾ അത്തരക്കാർക്ക് നേരെ അതിക്രമം നടത്തുകയല്ല സമരക്കാർ ചെയ്യേണ്ടത്. ജോജുവിനെപോലെ ഒറ്റപ്പെട്ട എതിര്ശബ്ദങ്ങളെ അക്രമിക്കുകയല്ല വേണ്ടത്, മറിച്ച് അവരെ ബോധ്യപ്പെടുത്താനും സമരത്തിന്റെ ഭാഗമാക്കാനും ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ എതിർക്കുന്നവരെ ശത്രുക്കളായി കണ്ട് എതിർക്കുന്നത് ആവരുത് രാഷ്ട്രീയവും സമരങ്ങളും.