കേരളപിറവി ദിനം; ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക്‌ 65 വര്‍ഷം

വീണ്ടും ഒരു കേരളപ്പിറവി ദിനം കൂടി വരവായി. ഐക്യകേരളം രൂപീകൃതമായി 65 വര്‍ഷം  കടക്കുന്ന വേളയിൽ കേരളപ്പിറവിയുടെ ചരിത്രത്തെ കുറിച്ച് അറിയാതെ പോകരുത്.ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചത്. 

കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5  ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു.തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍ എന്നിവയായിരുന്നു അവ. 1957ല്‍ മലബാറിനെ വിഭജിച്ച്‌ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്നു ജില്ലകളാക്കി. ഇതേ വര്‍ഷം തന്നെ ഓഗസ്റ്റില്‍ കോട്ടയം, കൊല്ലം ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ആലപ്പുഴ രൂപീകരിച്ചു. 1958 ഏപ്രില്‍ 1ന് എറണാകുളവും 1969ല്‍ മലപ്പുറവും 1972ല്‍ ഇടുക്കിയും 1980ല്‍ വയനാടും 1982ല്‍ പത്തനംതിട്ടയും ജില്ലകളായി നിലവില്‍ വന്നു. കേരളത്തിലെ 14ാമത്തെ ജില്ലയായി കാസര്‍കോട് പിറവിയെടുത്തത് 1984 മെയ് 24ന് ആയിരുന്നു.

സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്‌. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു. 

നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികൾ കേരള പിറവി ആഘോഷിക്കുന്നത്. നവംബർ ഒന്നാണ് കേരള പിറവിയായി ആഘോഷിക്കുന്നത്.കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറിയെന്നും പറയപ്പെടുന്നു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചരിത്രാതീത കാലം മുതല്‍ക്കേ ലോകശ്രദ്ധ നേടിയതാണ്. തലവര മാറ്റിക്കുറിച്ച ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടുകൂടിയാണിത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ്-19 പാന്‍ഡെമിക് കാരണം ആഘോഷങ്ങള്‍ കുറച്ചിരിക്കുകയാണ്. മലയാളികളുടെ സംസ്‌കാരവും പാരമ്പര്യവും ആചാരങ്ങളും ഉയര്‍ത്തിക്കാട്ടുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ഇവന്റുകള്‍ സംഘടിപ്പിക്കുന്നു. 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണെന്നത് ഓരോ മലയാളിക്കും അഭിമാനമേകുന്നതാണ്. ലോകത്തെവിടെയുളള മലയാളികളും കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിനത്തിൽ സ്ത്രീകൾ മലയാളികളുടെ പാരമ്പര്യ വസ്ത്രമായ കസവു സാരിയും പുരുഷന്മാർ കസവു മുണ്ടും ഷർട്ടും ധരിക്കുന്നു. കേരള പിറവി ആശംസയും പരസ്പരം പങ്കുവയ്ക്കുന്നു.

                                “എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ”

============================================================================

വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…

Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9

Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive

Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm

Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe