മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനമാണ് ഇന്ന്. 1984 ൽ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഭരണാധികാരിയെന്ന നിലയില്‍ ഒരുപോലെ വാഴ്ത്തപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത നേതാവായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരുപിടി ഭരണനേട്ടങ്ങള്‍ ഇന്ദിരാ ഗാന്ധിയുടേതായിട്ടുണ്ടെങ്കിലും അടിയന്തരാവസ്ഥ പോലെ ഏറെ വിമര്‍ശിക്കപ്പെട്ട ഭരണനടപടികളും ഇന്ദിരാഗാന്ധിയില്‍ നിന്നുമുണ്ടായി.
മഹാനായ പിതാവിന്റെ മഹതിയായ മകള്‍ അതായിരുന്നു ഇന്ദിരാഗാന്ധി. 1917 നവംബര്‍ 19ന് അലഹബാദിലായിരുന്നു ഈ ഉരുക്കു വനിതയുടെ ജനനം. പിതാവ് ഇന്ത്യയുടെ ആരാധ്യനായ നേതാവും ആദ്യപ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റു. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബം ഇന്ദിരാ ഗാന്ധിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി.
ചെറുപ്പത്തിലെ തന്നെ ഊര്‍ജസ്വലയായ പെണ്‍കുട്ടിയായിരുന്ന ഇന്ദിര തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്വിറ്റ്‌സര്‍ലാന്‍ഡിലെ സ്കൂളുകളിലായിരുന്നു. ഓക്‌സ്ഫഡിലെ സോമര്‍വില്ലെ കോളജിലായിരുന്നു ബിരുദ പഠനം. 1936ല്‍ അമ്മ മരിച്ചതിനെത്തുടര്‍ന്ന് ഇന്ദിര പിതാവുമായി കൂടുതല്‍ അടുത്തു. ഇക്കാലയളവില്‍ പല ലോകനേതാക്കളുമായി പരിചയപ്പെടാനും ഇന്ദിരയ്ക്ക് അവസരം ലഭിച്ചു. 1942ല്‍ ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചു.
പിതാവിന്റെ ചുവടുപിടിച്ച് ഇന്ദിര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ട ഇന്ദിര 1959ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ നെഹ്‌റു മരിച്ചതിനെത്തുടര്‍ന്ന് ഇന്ദിര രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയിലെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന സ്ഥാനവും ഇന്ദിരയെ തേടിയെത്തി. 1966ല്‍ ശാസ്ത്രി മരിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി ഇന്ദിരയെ നേതാവായി തെരഞ്ഞെടുത്തു.
1971ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം അഴിച്ചുവിട്ട ആക്രമണം സമര്‍ഥമായി അടിച്ചമര്‍ത്തിയതിനു പിന്നില്‍ ഇന്ദിരയുടെ മിടുക്കായിരുന്നു. ഒരുകോടിയിലധികം ആളുകള്‍ ആ സമയത്ത് ഇന്ത്യയിലേക്ക് പാലായനം ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്റിനെ ചര്‍ച്ചയ്ക്കായി ഷിംലയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ചരിത്രപ്രസിദ്ധമായ ഷിംലാ കരാര്‍ നിലവില്‍ വന്നത്. ഇത് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യത്തിലേക്കും നയിച്ചു. 1971ല്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നവും ഇന്ദിരയെത്തേടിയെത്തി. ഭാരതരത്‌നം ലഭിക്കുന്ന ചരിത്രത്തിലെ ആദ്യവനിത എന്ന ബഹുമതിയും ഇന്ദിരയ്ക്കു സ്വന്തമായി.
എന്നാല്‍ ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ചു. ഇത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അധ്യായമായി. അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റതോടെ 11 വര്‍ഷം നീണ്ട പ്രധാനമന്ത്രി ഭരണത്തിന് അവസാനമായി. പിന്നീട് അഴിമതിക്കേസില്‍ ജയിലിലും പോകേണ്ടിവന്നു. എന്നാല്‍ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിയഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്ദിര വീണ്ടും പ്രധാനമന്ത്രി പദത്തിലേറി.
1984 ഒക്ടോബര്‍ 31. സമയം രാവിലെ 9.29. 67 വര്‍ഷത്തെ ഇന്ദിരാഗാന്ധിയുടെ ജീവിതം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ അവസാനിച്ചു. ഒരുപിടി വെടിയുണ്ടകള്‍ കൊണ്ട് ആ ജീവിതം അവസാനിപ്പിച്ചതാകട്ടെ ഒന്‍പത് വര്‍ഷത്തോളം ഇന്ദിരയുടെ സുരക്ഷാസേനയിലെ വിശ്വസ്തരായി സേവനമനുഷ്ഠിച്ച സബ് ഇന്‍സ്‌പെക്ടര്‍ ബിയാന്ദ് സിംഗും കോണ്‍സ്റ്റബിളായ സത്വവന്ത് സിംഗും ചേര്‍ന്ന്. അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പട്ടാളക്കാരെ അയച്ച് ഇന്ദിരാ ഗാന്ധി നടത്തിയ ഓപറേഷന്‍ ബ്ലൂസ്റ്റാറിനുള്ള പ്രതികാരമായിരുന്നു അത്.
പഞ്ചാബിൽ അകാലി ദളിനെ ഒതുക്കാൻ ഭിന്ദ്രൻ വാലയെ ഉയർത്തിക്കൊണ്ടു വന്ന ഇന്ദിരക്ക് അത് തന്നെയാണ് വിനയായി മാറിയതും. ഭിന്ദ്രൻ വാല കോൺഗ്രസ് വിട്ട് തീവ്രവാദപ്രവർത്തനത്തിലേക്ക് തിരിഞ്ഞു . അതേ ഭിന്ദ്രൻവാലക്കും കൂട്ടർക്കുമെതിരെ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന സൈനിക ഓപ്പറേഷൻ സിഖ് സമുദായത്തിലുണ്ടാക്കിയ മുറിവാണ് ഒടുവിൽ ഇന്ദിരയുടെ ജീവനെടുത്തത്.