സിനിമാ ലോകത്തിന് തീരാനഷ്ടമായി കന്നഡ സിനിമയുടെ രാജകുമാരൻ വിടപറഞ്ഞു. അഭിനയം രക്തത്തിലലിഞ്ഞ അഭിനയ പ്രതിഭയാണ് അകാലത്തിൽ വിടപറയുന്നത്. 46 ആം വയസിൽ പുനീത് രാജ്‌കുമാർ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകരും സിനിമാ ലോകവും. താര പരിവേഷങ്ങളോടെ ജനിച്ച പുനീത് പക്ഷെ തന്റെ ഇരിപ്പിടം ഉറപ്പിച്ചത് തന്റെ അബ്‌ഭിനയ മികവ് കൊണ്ട് തന്നെയായിരുന്നു.
കന്നഡ സിനിമയിലെ എക്കാലത്തേയും മഹാനടൻ രാജ്കുമാറിന്റെ മകനായി ജനനം. സ്വന്തം കഴിവുകൊണ്ട് തന്നെ പിതാവിനു പിന്നാലെ സൂപ്പർ താര പരിവേഷത്തിലേക്ക് എളുപ്പം നടന്നടുത്തു പുനീത്. കന്നഡ മണ്ണിലെ സൂപ്പർതാര കുടുംബത്തിലെ അംഗമെന്ന നിലയിൽ ആരാധകർ പുനീതിനെ സ്വീകരിച്ചു. പിന്നീട് പുനീതിന്റെ വളർച്ച അതിവേഗമായിരുന്നു. രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട് പുനീത്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നതും.
കന്നഡയില്‍ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് അകാലവിയോഗമുണ്ടായിരിക്കുന്നത്. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് പുനീത് രാജ്‍കുമാര്‍. ഹു വാണ്ട്സ് ടു ബി എ മില്ല്യണർ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷൻ അവതാരകനായും ശ്രദ്ധേയനായി പുനീത് രാജ്‍കുമാര്‍.
കർണാടക സർക്കാറിന്‍റെ മികച്ച ബാലനടനുള്ള പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും രണ്ടുതവണ വീതവും മറ്റു നിരവധി പുരസ്കാരങ്ങളും ചെറിയ പ്രായത്തിനുള്ളിൽ പുനീതിനെ തേടിയെത്തിയിട്ടുണ്ട്. ഗായകൻ, അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, നിർമാതാവ് എന്നീ രംഗങ്ങളിൽ തിളങ്ങി.
ബാലതാരമായിരുന്നപ്പോൾ വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനം പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. 1985ൽ ബൊട്ടാഡ ഹൂവുവിലെ രാമു എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
2002ൽ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായക കഥാപാത്രമായി കന്നഡ സിനിമ ലോകത്തേക്ക് പുനീത് കടന്നുവന്നത്. പിന്നീട് സിനിമ ആരാധകർ പുനീതിനെ അപ്പു എന്ന ഓമനപ്പേരിൽ വിളിക്കാൻ തുടങ്ങി. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പുനീത് തിളങ്ങി. പവർ സ്റ്റാറെന്ന വിശേഷണം കന്നഡയിൽ അദ്ദേഹം സ്വന്തമാക്കി.
അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്. തന്റെ പിതാവിനെപ്പോലെ പ്രൊഫഷണൽ ആലാപനത്തിലും മികവ് പുലർത്തിയ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് പുനീത്. അപ്പുവിൽ ഒറ്റയ്ക്ക് പാടിയ അദ്ദേഹം, ജോതേ ജോതെയാലി”യിൽ ഒരു ഡ്യുയറ്റ് പാടി. ജാക്കിയിൽ ഒരു ഫാസ്റ്റ് നമ്പർ ഉൾപ്പെടെ, തന്റെ സഹോദരൻ ശിവയുടെ ലവകുശ, മൈലാരി എന്നീ ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ബി. അജനീഷ് ലോക്‌നാഥ് ഈണം പകർന്ന അകിര എന്ന ചിത്രത്തിന് വേണ്ടി “കണ്ണാ സന്നേ ഇന്തലേനെ” എന്ന ഗാനം പുനീത് രാജ്കുമാറിന്റെ ശബ്ദത്തിൽ ഹിറ്റായി. തന്റെ ഹോം-പ്രൊഡക്ഷൻസ് ഒഴികെയുള്ള പാട്ടുകൾക്കുള്ള പ്രതിഫലം ചാരിറ്റിക്ക് വേണ്ടിയാണ് ചെലവഴിച്ചിരുന്നത്.
2012 ല്‍ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍’ എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളില്‍ അവതാരകനായി തിളങ്ങി.
1999 ഡിസംബർ 1 ന് ചിക്കമംഗളൂരു സ്വദേശിയായ അശ്വിനി രേവന്തിനെ പുനീത് വിവാഹം കഴിച്ചു. ഒരു സുഹൃത്ത് മുഖേന കണ്ടുമുട്ടിയ പിന്നീട് വിവാത്തിലേക് എത്തുകയായിരുന്നു. ദൃതിയും വന്ദിതയും മക്കളാണ്.
സന്തോഷ് അനന്ദ്രത്തിന്റെ യുവരത്‌ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് കന്നഡയുടെ പവർ സ്റ്റാർ അകാലത്തിൽ അരങ്ങൊഴിയുന്നത്.