ദുബായ് ∙ യുഎഇ തീരത്ത് കോവിഡ് പ്രതിസന്ധികൾ മറികടന്ന് ആഡംബര കപ്പലുകളുടെ വരവ് തുടങ്ങി. റാഷിദ് തുറമുഖത്തെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ ടിയുഐ ക്രൂസ് ലൈൻസിന്റെ മീൻ ഷിഫ് 6 ഉല്ലാസക്കപ്പൽ എത്തിയതോടെയാണ് ഈ വർഷത്തെ ക്രൂസ് സീസണ് തുടക്കമായത്.
പരമ്പരാഗതരീതിയിലുള്ള സംഗീത-നൃത്ത പരിപാടികളോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2,000 യാത്രക്കാരെ വരുംമാസങ്ങളിൽ 126 ആഡംബര കപ്പലുകളിലായി 5 ലക്ഷത്തിലേറെ സഞ്ചാരികൾ എത്തും. ജൂൺ വരെയുള്ള സീസണിൽ കൂടുതൽ കപ്പലുകൾ എത്തുമെന്നാണു പ്രതീക്ഷ.കഴിഞ്ഞവർഷം ക്രൂസ് സർവീസുകൾ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു.
എക്സ്പോ നടക്കുന്നതിനാൽ വിവിധ മേഖലകളിൽ നിന്നു സന്ദർശകരുടെ വൻ ഒഴുക്കുണ്ടാകും. റോഡുകൾ, ഹോട്ടലുകൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വൻ തിരക്കു തുടങ്ങി. റാഷിദ് തുറമുഖത്ത് 7 വലിയ കപ്പലുകൾക്ക് ഒരേസമയം അടുക്കാൻ സൗകര്യമുണ്ട്. ചെറുതും വലുതുമായ ആഡംബര കപ്പലുകളിൽ യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവർ കൂടുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നു വേഗമെത്താനുള്ള സൗകര്യം, വിശാല തീരം, സുരക്ഷിതത്വം, മികച്ച കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ ഘടകങ്ങൾ യുഎഇക്ക് ഏറെ അനുകൂലമാണ്.
പുതിയ ടെർമിനൽ ഉടൻ തുറക്കും
ബ്ലൂവാട്ടേഴ്സ് ഐലൻഡിലെ ‘ഐൻ ദുബായ്’ നിരീക്ഷണ ചക്രത്തിനു (ഒബ്സർവേഷൻ വീൽ) സമീപം പുതിയ ക്രൂസ് ടെർമിനൽ ഉടൻ തുറക്കുമെന്ന് ഡിപി വേൾഡ് ഗ്രൂപ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായെം പറഞ്ഞു.
ഇന്ത്യയിലേക്കും സാധ്യത
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കു ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങുന്നത് ചില കമ്പനികൾ പരിഗണിക്കുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയുണ്ടായത്. സമീപഭാവിയിൽ ഇതിനു വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷ. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങൾ പട്ടികയിലുള്ളതായാണ് സൂചന. യുഎഇക്കൊപ്പം സൗദിയും ക്രൂസ് ടൂറിസത്തിന്റെ രാജ്യാന്തര കേന്ദ്രമാകാൻ ഒരുങ്ങുകയാണ്. സാധാരണക്കാരെയടക്കം ആകർഷിക്കാനുള്ള പദ്ധതികൾക്കു പ്രമുഖ കമ്പനികൾ രൂപം നൽകിവരികയാണ്.
യോട്ടുകളും ഒരുങ്ങുന്നു
ദുബായിൽ സന്ദർശകർക്കായി യോട്ട് വിനോദ പദ്ധതികളും ഒരുങ്ങുകയാണ്. കരുത്തും സൗന്ദര്യവും സൗകര്യങ്ങളും ഒരുമിക്കുന്ന യോട്ടുകളിൽ വിവിധ പാക്കേജുകളുമായി ട്രാൻസിറ്റ് യാത്രക്കാരെയടക്കം ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ‘വെള്ളത്തിൽ തൊടാതെ’ പറക്കുന്ന യോട്ടുകൾ വരെ ദുബായിലുണ്ട്. പ്രത്യേക മാതൃകയിലുള്ള ഈ യോട്ടിൽ യാത്ര ചെയ്യുമ്പോൾ വെള്ളത്തിൽ തൊടാതെ പറക്കുന്ന അനുഭവമുണ്ടാകും.
മെയിൻ ഷിഫ് കപ്പൽ അബുദാബിയിലെത്തി
അബുദാബി∙ ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് കപ്പൽ മെയിൻ ഷിഫ് 1,252 വിനോദസഞ്ചാരികളുമായി അബുദാബി മിനാ സായിദ് തുറമുഖത്ത് എത്തി. ജർമ്മൻ കപ്പലിന്റെ വരവോടെ എമിറേറ്റിലെ ക്രൂസ് സീസണ് തുടക്കമായി. സഞ്ചാരികളുടെ വരവ് യുഎഇ സാധാരണ നിലയിലേക്കു കടന്നുവെന്നതിന്റെ സൂചനയാണെന്ന് അധികൃതർ അറിയിച്ചു.
പോർട്ട് അധികൃതർ യാത്രക്കാർക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാൻ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. അബുദാബിയിൽ ക്രൂസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലും യുഎഇ തലസ്ഥാനത്തേക്ക് സന്ദർശകരെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതിലും സന്തോഷമുണ്ടെന്ന് അബുദാബി പോർട്ട് ഗ്രൂപ്പ് ക്ലസ്റ്റർ മേധാവി സെയ്ഫ് അൽ മസ്റൂയി പറഞ്ഞു.
അബുദാബിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന 7,800 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന നൂതന ടെർമിനലിൽ ഒരേസമയം മൂന്ന് കപ്പലുകൾക്ക് നിർത്തിയിടാം.
















