മന്ത്രിമാരും എംഎൽഎമാരും വിവിധ രാഷ്ട്രീയ പാർട്ടികളും നടത്തിയ കുറ്റകൃത്യങ്ങളിൽ എടുത്ത കേസുകൾ സർക്കാർ പിൻവലിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകളാണ് സംസ്ഥാനത്ത് പിൻവലിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ കേസുകൾ ആയിരത്തിലേറെ വരും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. പിൻവലിച്ചവയിൽ തനിക്കെതിരെയുള്ള ആറ് കേസുകളും ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു.
ആകെ 150 കേസുകൾ പിൻവലിക്കാനാണ് സർക്കാർ അനുമതി തേടിയത്. എന്നാൽ 128 കേസുകളുടെ അനുമതിയാണ് കോടതി നൽകിയത്. കേസ് പിൻവലിക്കപ്പെട്ടവരിൽ ലോട്ടറിയടിച്ചത് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കാണ്. ഇദ്ദേഹത്തിന്റെ 13 കേസുകളാണ് പിൻവലിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരായ ഏഴ് കേസുകളും പിൻവലിച്ചിട്ടുണ്ട്.
ബാക്കി പിൻവലിച്ചതിൽ 12 കേസുകൾ മന്ത്രിമാർക്ക് എതിരേയുള്ളതും 94 കേസുകൾ എംഎൽഎമാർക്ക് എതിരേയുമുള്ളതാണ്. കെ.കെ. രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. പിൻവലിച്ചതിൽ 2007 മുതലുള്ള കേസുകളുണ്ട്
ബാക്കി കേസുകൾ ഇങ്ങനെ:
എൽഡിഎഫ്– 848
യുഡിഎഫ്– 55
ബിജെപി –15
എസ്ഡിപിഐ– 5
പിഡിപി– 2
എഎപി–1
എൽഡിഎഫും യുഡിഎഫും ഉൾപ്പെട്ട 2 കേസും എൽഡിഎഫും ബിജെപിയും ഒരുമിച്ചുൾപ്പെട്ട 2 കേസുമുണ്ട്. നിയമസഭാ കൈയാങ്കളി കേസ് ഇക്കൂട്ടത്തിൽ പെടുത്താൻ നോക്കിയിരുന്നെങ്കിലും അത് നടപ്പായില്ല.
ഇക്കാര്യത്തിൽ എല്ലാ പാർട്ടിക്കാരും മുന്നണികളും ഉണ്ട്. അത്കൊണ്ട് ആർക്കും പരാതികളില്ല. പരിഭവങ്ങളിലില്ല. എല്ലാം നാടിന്റെ നന്മക്ക് വേണ്ടി മാത്രം! എല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്. സമരം നടത്തുന്നതും ഹർത്താൽ നടത്തുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും തുടങ്ങി എല്ലാം എല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്. ഒന്നും വ്യക്തിനേട്ടങ്ങൾക്കോ തങ്ങളുടെ പാർട്ടികളുടെ നേട്ടങ്ങൾക്ക് വേണ്ടിയോ അല്ല. അത് കൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാം. ഇനിയും ഞങ്ങൾ കേസെടുക്കാൻ പാകത്തിന് വേണ്ടിയുള്ള പണികൾ ചെയ്യും. ഇനിയും ഞങ്ങൾ പിൻവലിക്കും.