മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തിലെ അസാധാരണ വിസ്മയമാണ് വയലാർ രാമവർമ്മ. വയലാറിന്റെ പാട്ടുകൾ മലയാളിയെ എന്നും ആഹ്ലാദിപ്പിക്കുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.1928 മാർച്ച് 2 ന് ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിലാണ് രാമവർമ്മ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതിയിരുന്നു. ചങ്ങമ്പുഴക്ക് ശേഷം മലയാള കവിതയെ ജനകീയമാക്കിയത് വയലാർ ആയിരുന്നു. സർഗ്ഗസംഗീതം, അശ്വമേധം, രാവണപുത്രി തുടങ്ങിയ കവിതകൾ ഏറെ ജനപ്രിയമാണ്. വയലാറിന്റ നാടകഗാനങ്ങളും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എപ്പോഴും ജനങ്ങൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളാണത്.1956ഇൽ കൂടപ്പിറപ്പ് എന്ന സിനിമക്ക് പാട്ട് എഴുതി കൊണ്ടാണ് ഗാനരചനയിലേക്ക് എത്തുന്നത്.250ലേറെ ചിത്രങ്ങൾക്ക് വേണ്ടി 1300ഓളം ഗാനങ്ങൾ എഴുതി.
വയലാർ ദേവരാജൻ ടിം അനശ്വരങ്ങളായ എത്രയോ ഗാനങ്ങൾ സൃഷ്ട്ടിച്ചു. വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, കെ രാഘവൻ തുടങ്ങി നിരവധി സംഗീത സംവിധായകർ വയലാറിന്റ വരികൾക്ക് സംഗീതം നൽകി. ഓരോ ഗാനവും ഓരോ സൗന്ദര്യ ലോകമാണ് രൂപപ്പെടുത്തിയത്. പ്രണയം കാമം, വിരഹം, ഭക്തി, തുടങ്ങി ഓരോ വികാരങ്ങളും സൃഷ്ട്ടിക്കുന്നവയാണ് വയലാറിന്റെ ഗാനങ്ങൾ. പ്രകൃതിയുടെ സൗന്ദര്യവും, മനുഷ്യന്റെ വികാരങ്ങളും ഗാനങ്ങളിൽ നിറഞ്ഞു നിന്നു.അവിശ്വസിയായിരുന്ന വയലാർ മലയാളിക്ക് മറക്കാനാവാത്ത ഭക്തി ഗാനങ്ങൾ എഴുതി. വയലാറിന്റെ പ്രണയഗാനങ്ങൾ സ്നേഹത്തിന്റെ അനന്ത രാഗങ്ങൾ നിറഞ്ഞവയാണ്.1972ൽ ഗാനരചനയ്ക്ക് ദേശീയ അവാർഡ് ലഭിച്ചു. നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടി.1975ഒക്ടോബർ 27 ന് വയലാർ ലോകത്തോട് വിടപറഞ്ഞു. പക്ഷേ അവസാനത്തെ മലയാളിയും ജീവിക്കുന്ന കാലം വരെ വയലാറിന്റെ ഗാനങ്ങൾ നിലനിൽക്കും.