ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി(Hareesh Peradi). മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുകയാണെങ്കിൽ അതിൻ്റെ നിർമാണം തമിഴ്നാടിനെ ഏൽപ്പിക്കുന്നതാകും നല്ലത്. പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് എന്നിവയുടെ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഈ പോസ്റ്റെന്നും അദ്ദേഹം പരിഹാസത്തോടെ കുറിച്ചു.
‘2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. പക്ഷേ നിർമാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്. പാലാരിവട്ടം പാലത്തിൻ്റെയും കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻ്റെയും അനുഭവത്തിൻ്റെ വെളിച്ചത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ പറയുകയാണ്. തമിഴ്നാട് ആകുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും.’ -ഹരീഷ് പേരടിയുടെ കുറിപ്പ്.
മുല്ലപ്പെരിയാൽ ഡാം ഡീകമ്മിഷൻ ചെയ്യണം എന്ന ആവശ്യം ഉയർത്തി വൻ ക്യാംപെയിനാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. പൃഥ്വിരാജ്(Prithviraj Sukumaran) അടക്കമുള്ള താരങ്ങളും ഈ ആവശ്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ(M K Stalin) പേജിന് താഴെയും ഈ ആവശ്യം നിറയുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നുണ്ട്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിൻ്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.
അതേസമയം, മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടി കടന്നിട്ടുണ്ട്. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















