ലോസ് ആഞ്ജലിസ്: മെക്സിക്കോയിലെ ടുലും പട്ടണത്തിൽ ലഹരിസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരിയായ യാത്രാ ബ്ലോഗർ കൊല്ലപ്പെട്ടു. യു.എസിലെ കാലിഫോർണിയയിൽ താമസിക്കുന്ന അഞ്ജലി റിയോട്ട്(25) ആണ് കൊല്ലപ്പെട്ടത്. ജർമൻ വംശജനായ വിനോദസഞ്ചാരിയും കൊല്ലപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഹിമാചൽപ്രദേശിൽനിന്നുള്ള യാത്രാ ബ്ലോഗറായ അഞ്ജലി തന്റെ പിറന്നാൾ ആഘോഷിക്കാനായാണ് നഗരത്തിലെ ലാ മാൽക്യുയെരിഡ റസ്റ്റോറന്റിൽ എത്തിയത്. വിനോദസഞ്ചാരികൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ, നാലുപേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ജർമനി, നെതർലൻഡ്സ് രാജ്യങ്ങളിൽനിന്നുള്ള മറ്റു മൂന്നു വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു.
രണ്ടു ലഹരിസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ഏറ്റുമുട്ടലിന് കാരണമായതെന്നും അഞ്ജലിയും മറ്റു വിനോദസഞ്ചാരികളും യാദൃച്ഛികമായി ഇതിനിടയിൽ പെടുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.
ലിങ്ക്ഡ് ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എൻജിനിയറായി ജോലി ചെയ്യുകയായിരുന്ന അഞ്ജലി, മുമ്പ് യാഹൂവിലും ജോലി ചെയ്തിട്ടുണ്ട്.
















