അമേരിക്കയിൽ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്ന് റിപ്പോർട്ട്. അമേരിക്കൻ ലേബർ വകുപ്പിന്റെ ജോബ് ഓപ്പണിങ്‌സ് ആൻഡ് ലേബർ ടേൺഓവർ സർവേ (Job Openings and Labor Turnover Survey – JOLTS) പ്രകാരം 4.3 ദശലക്ഷം അമേരിക്കൻ പൗരന്മാരാണ് ഓഗസ്റ്റിൽ ജോലി രാജിവെച്ചത്. അതായത്, അമേരിക്കയിൽ ആകെ ജോലി എടുക്കുന്നവരുടെ 2.9 ശതമാനം പേർ ജോലി രാജിവെച്ചു.
അതേസമയം തന്നെ അമേരിക്കയിലെ തൊഴിൽ അവസരങ്ങൾ ഓഗസ്റ്റിൽ 10.4 ദശലക്ഷമായി കുറഞ്ഞു. 11.1 ദശലക്ഷം പേർ തൊഴിലിനായി അമേരിക്കയിൽ അലയുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഓഗസ്റ്റിൽ 4.3 ദശലക്ഷം പേർ തൊഴിലുപേക്ഷിച്ചത്.
ഉയർന്ന ജോലി ഉപേക്ഷിക്കൽ നിരക്ക് അമേരിക്കൻ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ സാധ്യതകളെക്കുറിച്ച് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്ന് സൂചിപ്പിക്കുന്നു എന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ കൂടുതൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡ് -19 ന്റെ ഡെൽറ്റ വകഭേദം ബാധിക്കുമെന്ന ഭയവും തൊഴിലാളികളെ ജോലി ഉപേക്ഷിക്കാൻ കാരണമാക്കി എന്ന് പറയുന്നു.
ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടൽ നടക്കുന്ന ഫുഡ് സർവീസ്, താമസ സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ് കൂടുതൽ പേർ രാജിവെച്ചത്. 8,92,000 പേരാണ് ഇത്തരം ജോലികളിൽ നിന്ന് പിന്മാറിയത്. ജൂലൈയിൽ ഇത് 1,57,000 ആയിരുന്നു. ഇത്തരം ജോലികളിൽ നിന്ന് ഉയർന്ന ജോലി ഉപേക്ഷിക്കൽ നിരക്ക് സൂചിപ്പിക്കുന്നത് കോവിഡ് വകഭേദത്തെ ഭയന്നുള്ള പിന്മാറ്റമായാണ്.
ജോലി ഉപേക്ഷിക്കുന്ന ആളുകളുടെ എണ്ണവും, തൊഴിൽ ഒഴിവുകളുടെ എണ്ണവും രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിനുള്ള വർദ്ധിച്ചുവരുന്ന ആശങ്കയായി മാറിയിരിക്കുന്നു. ഒഴിവുള്ള ഇടങ്ങളിലേക്ക് ഒരാളെ എടുത്താൽ മാത്രമേ ജോലി ഒഴിവ് ഔദ്യോഗികമായി രേഖപ്പെടുത്തുകയുള്ളൂ. ഇത്തരത്തിൽ നോക്കിയാൽ ആകെ 194,000 ഒഴിവുകൾ മാത്രമേ സെപ്റ്റംബറിൽ ഉണ്ടായിട്ടുള്ളൂ.
കഴിഞ്ഞ വർഷം കോവിഡ് ലോക്ക്ഡൗണിന്റെ ആദ്യ തരംഗത്തിൽ നഷ്ടപ്പെട്ട 22 ദശലക്ഷം തൊഴിലവസരങ്ങൾ തിരിച്ചുപിടിക്കാൻ യുഎസ് തൊഴിൽ വിപണി ഇപ്പോഴും ഏകദേശം അഞ്ച് ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് നടത്തിയ ഒരു സർവേ പ്രകാരം, ഏകദേശം 51 ശതമാനം ചെറുകിട ബിസിനസ്സ് ഉടമകൾക്കും സെപ്റ്റംബറിൽ തങ്ങളുടെ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തനായിട്ടില്ല.
തൊഴിലാളികളെ ആകർഷിക്കാൻ തൊഴിലുടമകൾ വിവിധതരം ഓഫറുകൾ മുന്നോട്ട് വെക്കുന്നുണ്ട്. ബോണസും ഇൻസെന്റീവും ഉൾപ്പെടെയുള്ള ഓഫറുകൾ മുന്നോട്ട് വെക്കുന്നുണ്ട്. എങ്കിലും കോവിഡ് സൃഷിടിക്കുന്ന അനശ്ചിതത്വങ്ങൾ ആളുകളെ പിൻവലിക്കുകയാണ്.