സ്റ്റോക്ഹോം: സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ഡേവിഡ് കാർഡ്, ജോഷ്വ ആഗ്രിസ്റ്റ്, ഗ്യൂഡോ ഇമ്പൻസ് എന്നീ മൂന്നുപേർ ചേർന്ന് പുരസ്കാരം പങ്കിട്ടു.തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനത്തിനാണ് ഡേവിഡ് കാർഡിനെ അവാർഡിന് അർഹനാക്കിയത്. കാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തിനുള്ള രീതിശാസ്ത്രപരമായ സംഭാവനകൾക്കാണ് മറ്റു രണ്ടു പേർക്കും പുരസ്കാരം ലഭിച്ചത്.
കനേഡിയൻ പൗരനായ ഡേവിഡ് കാർഡ് കാലിഫോർണിയ സർവകലാശാല ഫാക്കൽറ്റിയാണ്. അമേരിക്കൽ പൗരനായ ജോഷ്വ ആഗ്രിസ്റ്റ് മസച്യൂനാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഡച്ച് പൗരനായ ഗ്യൂഡോ സ്റ്റാൻഫോർഡ് സർവകലാശാലയിലുമാണ് സേവനം അനുഷ്ഠിക്കുന്നത്.
സാമ്പത്തികശാസ്‌ത്രത്തിനുള്ള നൊബേൽസമ്മാനം ആദ്യകാലങ്ങളിൽ ഇല്ലായിരുന്നു. 1968-ൽ സ്വീഡിഷ് ബാങ്കായ സ്വെന്‍റലഗ്‌സ് റിക്സ്ബാങ്ക് തങ്ങളുടെ 300ാം വാർഷികത്തിൽ ആൽഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ പേരിൽ സാമ്പത്തികശാസ്‌ത്രത്തിനുള്ള പുരസ്കാരം കൂടി ചേർക്കുകയായിരുന്നു.