കാബൂള്‍: അഫ്ഗാനിസ്താനില്‍ (Afghanistan) വീണ്ടും ബോംബ് സ്‌ഫോടനം. കുന്ദൂസ് പ്രവിശ്യയിലെ (Kunduz) ഷിയാ പള്ളിയിലുണ്ടായ (Shiite mosque) ചാവേര്‍ ആക്രമണത്തില്‍ (suicide attack) നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്.
വെള്ളിയാഴ്ച്ച നടക്കുന്ന ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെടുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അഫ്ഗാന്‍ ജനസംഖ്യയില്‍ 20 ശതമാനമാണ് ഷിയാ മുസ്ലീങ്ങള്‍. ഹസാരയിലാണ് ഭൂരിപക്ഷം ഷിയാക്കളും താമസിക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്.