ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ വാർത്തകളിൽ നിറയുകയാണ് ഷാരുഖ് ഖാനും ഭാര്യ ഗൗരി ഖാനും. വളരെ സമ്മർദ്ദം നിറഞ്ഞ ദിനങ്ങളിലൂടെയാണ് ഷാരൂഖും കുടുംബവും കടന്ന് പോവുന്നത്. ഈ ബഹളങ്ങൾക്കിടെയാണ് ഗൗരിയുടെ ജന്മദിനവും വന്ന് ചേരുന്നത്. ഇപ്പോഴിതാ ഗൗരിക്ക് ജന്മദിനാശംസകൾ നേരുകയാണ് കുടുംബവും സുഹൃത്തുക്കളും. ‘ഹാപ്പി ബർത്ത്ഡേ മാ’ എന്നാണ് ഷാരൂഖിന്റെയും ഗൗരിയുടെയും ചിത്രം പങ്കുവച്ച് മകൾ സുഹാന അമ്മയ്ക്ക് ആശംസകൾ നേർന്നത്.
ബോളിവുഡ് സംവിധായിക ഫറാ ഖാനും ഗൗരിക്ക് ആശംസകൾ നേർന്നെത്തി. “ഒരു അമ്മയുടെ ശക്തി മറ്റൊന്നിനുമില്ല. മാതാപിതാക്കളുടെ പ്രാർഥനയ്ക്ക് പർവതത്തെ നീക്കാനും കടലിനെ വഴി മാറ്റാനും സാധിക്കും.ഏറ്റവും ശക്തയായ അമ്മയ്ക്കും സ്ത്രീക്കും ജന്മദിനാശംസകൾ നേരുന്നു. ആ കരുത്തിന് കഴിഞ്ഞ ആഴ്ചയിൽ ഞാൻ വ്യക്തിപരമായി സാക്ഷിയായതാണ്. ഇന്ന് നിങ്ങൾക്ക് മികച്ച ജന്മദിന സമ്മാനം ആശംസിക്കുന്നു” എന്ന് ഫറ ഖാൻ കുറിച്ചു.
“ദൈവത്തിന്റെ സ്നേഹവും കൃപയും എപ്പോഴും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മുകളിലുണ്ടാവും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നാണ് ഗൗരിയുടെ അടുത്ത സുഹൃത്തും ഇന്റീരിയർ ഡിസൈനറുമായ സുസാന്നെ ഖാൻ കുറിച്ചത്.