മോസ്കോ ∙ ബഹിരാകാശത്തെ ആദ്യ ചലച്ചിത്ര നിർമാണത്തിനായി റഷ്യൻ സംഘം സോയൂസ് പേടകത്തിൽ യാത്ര തിരിച്ചു. നടി യൂലിയ പെരെസിൽഡ്, സംവിധായകൻ ക്ലിം ഷിപെങ്കോ, ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്ലെറോവ് എന്നിവരെ വഹിച്ച് സോയൂസ് എംഎസ്–19 പേടകം ബൈക്കന്നൂരിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയർന്നു. ദൗത്യം പൂർത്തിയാക്കി ഇവർ 17ന് തിരിക്കും.
‘ചാലഞ്ച്’ എന്നു പേരിട്ടിട്ടുള്ള സിനിമയുടെ ചില ഭാഗങ്ങളാണ് ബഹിരാകാശ കേന്ദ്രത്തിൽ ചിത്രീകരിക്കുക. നേരത്തേ 2 തവണ പാളിയ ദൗത്യമാണിത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റഷ്യൻ ഭാഗത്ത് സിനിമ ചിത്രീകരിക്കാനുള്ള സൗകര്യം കുറവായതുകൊണ്ട് നൗക എന്ന പുതിയ ലാബ് മൊഡ്യൂൾ സജ്ജീകരിച്ചിട്ടുണ്ട്.
നിലയത്തിലെ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി പോകുന്ന സർജന്റെ റോളാണ് യൂലിയ പെരെസിൽഡിന്. ഇപ്പോൾ നിലയത്തിലുള്ള റഷ്യയുടെ ഒലേഗ് നൊവിറ്റ്സ്കിയാണ് രോഗിയായി അഭിനയിക്കുക.