ഹേഗ്: സ്‌ഫോടനം നടത്തി എ.ടി.എമ്മുകള്‍ തകര്‍ത്ത് കോടിക്കണക്കിന് യൂറോകള്‍ കൊള്ളയടിച്ച സംഘം പോലീസ് പിടിയില്‍. നെതര്‍ലന്‍ഡ്സിലെ യൂട്രെക്ട് നഗരത്തില്‍ ഡച്ച്-ജര്‍മ്മന്‍ പോലീസുകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഈ സംഘം പിടിയിലായത്. എടിഎം തകര്‍ത്ത് എങ്ങനെ കൊള്ള നടത്താം എന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞവര്‍ഷം സംഘത്തിലെ പ്രധാനിയായ 29കാരന്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിശീലന കേന്ദ്രം റെയ്ഡ് ചെയ്ത ഡച്ച്-ജെര്‍മന്‍ പോലീസിന്റെ സംയുക്ത സംഘം 9 പേരെ അറസ്റ്റ് പിടികൂടി. അടുത്തിടെ ജര്‍മ്മനിയില്‍ നടന്ന 15 ല്‍ കൂടുതല്‍ എ.ടി.എം മോഷണങ്ങള്‍ നടത്തിയത് ഈ സംഘമാണ്. 2.15 മില്യണ്‍ യൂറോ ആണ് ഈ എ.ടി.എമ്മുകളില്‍ നിന്ന് നഷ്ടമായത്. സ്‌ഫോടനം നടത്തി എ.ടി.എം തകര്‍ത്ത ശേഷമായിരുന്നു മോഷണം.
ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഈ സംഘത്തെ വലയിലാക്കാന്‍ പോലീസിന് കഴിഞ്ഞത്. ജര്‍മ്മനിയില്‍ നടന്ന എ.ടി.എം സ്‌ഫോടനങ്ങളില്‍ ഏറെ സമാനതകള്‍ കണ്ടതോടെയാണ് ഇതിന് പിറകില്‍ ഒരു സംഘമാണെന്ന് ജര്‍മ്മന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് അന്വേഷണം അതിര്‍ത്തി രാജ്യമായ നെതര്‍ലാന്‍ഡ്‌സിലെ യൂട്രെക്ട് നഗരത്തിലേക്ക് നീളുകയായിരുന്നു. പിടിയിലാവരില്‍ മോഷണങ്ങളില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരെ ജര്‍മ്മനിയിലേക്ക് കൊണ്ടുപോകും. സ്‌ഫോടനത്തിലൂടെയുള്ള എ.ടി.എം കൊള്ളകള്‍ യൂറോപ്പിലെ വികസിത രാജ്യങ്ങള്‍ക്ക് വലിയ തലവേദയായി മാറിക്കൊണ്ടിരിക്കുകയാണ്.