ടോക്കിയോ : ജപ്പാന്‍റെ നൂറാം പ്രധാനമന്ത്രിയാകാന്‍ ഫുമിയോ കിഷിഡ( Fumio Kishida ). മുന്‍ വിദേശകാര്യ മന്ത്രികൂടിയായ കിഷിഡ അടുത്തയാഴ്ച അധികാരമേല്‍ക്കും. ജപ്പാനില്‍ ഏറെ ജനപ്രീതിയുള്ള ടാരോ കോനോയെ തോല്‍പ്പിച്ചാണ് കിഷിഡ അധികാരത്തിലേറുന്നത്. അടുത്ത തിങ്കളാഴ്ച പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഹിരോഷിമയിലെ രാഷ്ട്രീയകുടുംബത്തില്‍ നിന്നാണ് കിഷിഡയുടെ വരവ്. എട്ട് വര്‍ഷം ഭരിച്ച ആബെ ഷിന്‍സൊ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പ്രധാനമന്ത്രി പദം ഒഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം മുമ്പ് യോഷിഹിതെ സുഗ(yoshihide suga) ആ പദവിയിലെത്തിയിരുന്നു.
അന്നത്തെ തിരഞ്ഞെടുപ്പില്‍ കിഷിഡയെ തോല്‍പ്പിച്ചാണ് സുഗ നേതാവായത്. എന്നാല്‍ അധികാരത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി സുഗ വിട്ടുനിന്നതോടെ എല്‍ഡിപി നേതൃസ്ഥാനത്തേക്ക് ഇത്തവണ കനത്ത മത്സരം നടന്നു. ഇതിലാണ് കിഷിഡ വിജയം കണ്ടത്.ജപ്പാനില്‍ കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിലും ഒളിംപിക്‌സ് നടത്തിയതിന് വ്യാപകമായി പഴി കേട്ട സര്‍ക്കാരായിരുന്നു സുഗയുടേത്.
യോഷിഹിഡെ സുഗയ്ക്ക് കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചെന്ന് പരക്കെ വിമർശനമുയരുന്ന ഘട്ടത്തിൽ വളരെ കരുതലോടെ നീങ്ങാനാണ് കിഷിഡയുടെ തീരുമാനം. രാജ്യത്തെ കൊവിഡ് നിന്ത്രിക്കുന്നതിലും സമ്പദ് വ്യവസ്ഥയെ വീണ്ടും പുനരുജ്ജീവിക്കുന്നതിലും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് കിഷിഡ പറയുന്നു. ശമ്പള വിവേചനം ഇല്ലാതാക്കുന്നതിലും മുൻഗണന നല്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2012-17 കാലഘട്ടത്തിൽ ജപ്പാൻ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ കിഷിഡ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ആണവായുധങ്ങൾ ഇല്ലാതാക്കുന്നത് തന്റെ ജീവിത ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം 2016 ൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജപ്പാൻ സന്ദർശനം സാദ്ധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.