ന്യൂഡല്‍ഹി: സൈഡസ് കാഡില (Zydus Cadila) യുടെ സൈക്കോവ് ഡി വാക്സിൻ (zycov d vaccine) ഉടൻ വിപണിയിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്ന് ഡോസ് വാക്സിൻ (Vaccine) ആയതിനാൽ സൈക്കോവ് ഡി വാക്സിന്റെ വിലയിൽ വ്യത്യാസം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഒക്ടോബറിൽ ഉണ്ടായേക്കും. വാക്സീൻറെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. കൊവാക്സീൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടന കൂടുതൽ വിശദീകരണം തേടിയതിനാൽ അനുമതി വൈകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗധ സമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്.