ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല. ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് തെരഞ്ഞടുക്കപ്പെട്ട് പ്രസിഡന്റ് ഇല്ലാത്തതിനാല്‍ നാഥനില്ലാ കളരിയായി കോണ്‍ഗ്രസ് മാറിയെന്നും കപില്‍ സിബല്‍ പറഞ്ഞു.
സംഘടനാതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ല. നേതൃത്വം വിശ്വസ്തരെന്ന് കരുതിയവര്‍ പാര്‍ട്ടി വിടുന്നു. ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും കപില്‍ സിബല്‍ ഓർമ്മിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്മാരെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നത് ശരിയല്ല. വി.എം.സുധീരന്റെ രാജി അടക്കം ചൂണ്ടിക്കാട്ടിയാണ് കപില്‍ സിബലിന്റെ വിമര്‍ശനം. പഞ്ചാബിലെ പ്രതിസന്ധി പാക്കിസ്ഥാന് ഗുണകരമാകും. അതിര്‍ത്തി സംസ്ഥാനമാണെന്നത് മറക്കരുതെന്നും കപില്‍ സിബല്‍ പറഞ്ഞു.