ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പരോള്‍ ലഭിച്ച തടവ് പുള്ളികള്‍ ഉടന്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. പരോളില്‍ ഇറങ്ങിയവര്‍ക്ക് കീഴടങ്ങുന്നതിനുള്ള സമയം നീട്ടി നല്‍കികൊണ്ട് സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചു. കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നിര്‍ദേശം. അതെസമയം ജയിലുകളിലേക്ക് മടങ്ങിയ പരോള്‍ തടവുകാരുടെ കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇക്കഴിഞ്ഞ 26-ന് ജയിലിലേക്ക് മടങ്ങണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉടത്തരവിനെതിരെ നെട്ടൂര്‍ തുറന്ന ജയിലിലെ തടവ് കാരനായ ആലപ്പുഴ സ്വദേശി ഡോള്‍ഫി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്നലെ കോടതി ആരാഞ്ഞിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ തടവ് പുള്ളികള്‍ ഒക്ടോബര്‍ 30-വരെ കീഴടങ്ങേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് ഇന്ന് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
പരോളില്‍ ഇറങ്ങിയവരോട് മാത്രമാണ് ജയിലുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു. എന്നാല്‍ പരോളില്‍ ഇറങ്ങിയ തടവുകാരെയും ജാമ്യത്തില്‍ ഇറങ്ങിയ തടവുകാരെയും വേര്‍തിരിച്ച് കാണാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ മുന്‍ വിധിക്ക് അനുസൃതമായി സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി പരോളില്‍ ഇറങ്ങിയവര്‍ക്കും അനൂകൂല്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.