പ്രദീപ് പനങ്ങാട്
മാധ്യമ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും ജനാധിപത്യബോധവും ഉള്ള ഒരു ജോലിയായാണ് കണക്കാക്കപെടുന്നത്. അത്തരം ഒരു ചരിത്രം നമുക്കുണ്ട്. അത് ശ്രദ്ധിക്കപ്പെട്ടിട്ടും ഉണ്ട് എന്നാൽ ഇപ്പോൾ ആ ചരിത്രത്തിനു വലിയ ഇളക്കം തട്ടുകയാണ്. അടുത്ത കാലത്ത് കേരളത്തിൽ ഉണ്ടായ പല വിവാദ സംഭവങ്ങളിലും മാധ്യമ പ്രവർത്തകർ ഉൾപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്
മാധ്യമ പ്രവർത്തകർ രാഷ്ട്രീയനേതാക്കളോടും ഉയർന്ന ഉദ്യോഗസ്ഥരോടും വലിയ സൗഹൃദവും വിധേയത്വവും പുലർത്തി വരുന്നുണ്ട്. അത് വാർത്തകൾ ശേഖരിക്കുന്നതിന് അപ്പുറം അഴിമതിനടത്താനും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനുമുള്ളതാക്കി മാറ്റുന്നു. അത്തരം നിരവധി സംഭവങ്ങൾ പലപ്പോഴായി പുറത്തു വന്നിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളുടെ വ്യാപനം ഉണ്ടായതോടെ മാധ്യമ പ്രവർത്തകരുടെ എണ്ണം വർധിക്കുകയും, സ്ഥാപനത്തിന് പുറത്തുള്ള വിവിധത്തരം ആളുകളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഈ അടുത്തകാലത്തുണ്ടായ ഒന്ന് രണ്ടു വിവാദ സംഭവങ്ങളിൽ ദൃശ്യ മാധ്യമ പ്രവർത്തകരുടെ പങ്കാളിത്തം പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴും അന്വേഷണം സജീവ മായി നടക്കുന്ന അനധികൃത മരം മുറി കേസിൽ 24 ചാനലിലെ ഒരു മാധ്യമ പ്രവർത്തകൻ ഉൾപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന പുരാവസ്തു തട്ടിപ്പ് കേസിൽ അതെ ചാനലിലെ തന്നെ മറ്റൊരു മാധ്യമ പ്രവർത്തകന്റെ പങ്കിനെ കുറിച്ചുള്ള വെളിപെടുത്തലുകൾ ഉയർന്നുവരുന്നു.
ഇത്തരം സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടാവും. എന്തു കൊണ്ടോ പലതും പുറത്തു വന്നിട്ടില്ല.മാധ്യമ പ്രവർത്തനത്തെ അധോ ലോക പ്രവർത്തനത്തിനുള്ള മറയാക്കി മാറ്റാൻ ശ്രമിക്കുകയാണോ പലരും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ ഒരു പൗരനുള്ള അവകാശങ്ങൾ മാത്രമേ മാധ്യമ പ്രവർത്തകനും ഉള്ളു. പക്ഷെ പലരും അത് മനസ്സിലാക്കാതെയാണ് പ്രവർത്തിക്കുന്നത്. അത് കൊണ്ടാണ് ഇത്തരം സംഭവങ്ങളിൽ മാധ്യമ പ്രവർത്തകർ ചെന്നു പെടുന്നത്. നിയമത്തിന്റെ മുന്നിൽ എല്ലാ കുറ്റവാളികളും ഒരു പോലെയാണ്
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം. ദൃശ്യമാധ്യമങ്ങളിലെ അവതാരകർ പൊതു പ്രവർത്തകരെ അവഹേളിക്കുന്ന തരത്തിലുള്ള അഭിസംബോധനകളും പരാമർശങ്ങളും പലപ്പോഴും നടത്തുന്നു. ഈ കാര്യത്തിൽ മാധ്യമ പ്രവർത്തകർ ജനാധിപത്യ മര്യാദ പുലർത്തേണ്ടതുണ്ട്. പൊതു പ്രവർത്തകരുടെ വ്യക്തിത്വവും പ്രവർത്തനങ്ങളും മണിക്കേണ്ടതാണ്.
മാധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യതയും ധാർമികതയും നിലനിർത്തേണ്ട തും സൂക്ഷിക്കേണ്ടതും മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്തം ആണ്. അത് നാം മറക്കരുത്. അത് മറന്നാൾ കാലം നമുക്ക് മാപ്പ് തരില്ല