ബർലിൻ: ജർമനിയിൽ വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ ആർക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോൾ ഫലം. ഭരണകക്ഷിയായ സിഡിയു-സിഎസ്‌യു സഖ്യവും പ്രതിപക്ഷമായ സോഷ്യൽ ഡമോക്രാറ്റ് പാർട്ടിയും
25 ശതമാനം വോട്ടുമായി ഒപ്പത്തിനൊപ്പമാണ്. ഇതോടെ ഗ്രീൻസ് പാർട്ടി, ലിബറൽ ഫ്രീ ഡമോക്രാറ്റ്സ് തുടങ്ങിയവരുമായി സഖ്യ കൂടിയാലോചനയ്ക്കു കളമൊരുങ്ങും.
16 വർഷം ഭരിച്ച സിഡിയു നേതാവ് അംഗല മെർക്കൽ ചാൻസലർ പദവിയൊഴിയുമ്പോൾ ജർമനിയെ നയിക്കാൻ പുതിയ സാരഥി വരുന്നുവെന്ന പ്രത്യേകതയുണ്ട്. നാലു വർഷമാണു ഭരണകാലാവധി. പുതിയ സാഹചര്യത്തിൽ കൂട്ടുകക്ഷി ഭരണത്തിനാണു സാധ്യത. അങ്ങനെയെങ്കിൽ സർക്കാരുണ്ടാക്കൽ വൈകും. പ്രധാന മൂന്നാം കക്ഷിയായ ഗ്രീൻസ് പാർട്ടിയുടെ നിലപാട് നിർണായകമായേക്കും.
മത്സര രംഗത്ത് മൂന്ന് പേരാണ് പ്രധാനമായും നിൽക്കുന്നത്. ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അർമിൻ ലാഷെ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഒലാഫ് ഷോൾഡ്, ഗ്രാൻ പാർട്ടിയുടെ അന്നലീന ബെയർബോക്. അഭിപ്രായ സർവേകളിൽ ഒലാഫിനാണ് പിന്തുണ. 25 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച പിന്തുണ. ആംഗെല മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 22 ശതമാനമാണ് ലഭിച്ചത്. ഗ്രീൻ പാർട്ടിക്ക് 16 ശതമാനം പിന്തുണയാണ് ലഭിച്ചത്.
ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാൻ സാധിക്കാത്തതുകൊണ്ട് തന്നെ ഇനി സഖ്യ ചർച്ചകളിലേക്കാകും എല്ലാവരുടേയും ശ്രദ്ധ. ഗ്രീൻ പാർട്ടി, ദ ലിങ്ക് എന്നീ ഇടത് പാർട്ടികളുടെ പിന്തുണ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് കിട്ടാനുള്ള സാധ്യതയാണ് കൂടുതൽ.