ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്ര സംഘടന തീവ്രവാദികളുടെ ലിസ്റ്റിലുൾപ്പെടുത്തിയ ഏറ്റവും കൂടുതൽ ഭീകരവാദികൾക്ക് ആതിഥേയത്വം വഹിച്ച രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യ. ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്ന നയവും ചരിത്രവും പാകിസ്ഥാനുണ്ടെന്ന് യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബൈ പറഞ്ഞു.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നല്‍കിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്‌നേഹ. ഇന്ത്യക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല പാകിസ്ഥാന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്യുന്നത്.
തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കി അതിൻ്റെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തി കൊണ്ടിരിക്കുന്നത്. ഒസാമ ബിൻലാദന് അഭയം നൽകിയത് പാകിസ്താനാണ്. ബിൻലാദനെ രക്തസാക്ഷിയായാണ് പാകിസ്താൻ ഇപ്പോഴും പരിഗണിക്കുന്നതെന്നും യു.എൻ പൊതുസഭയിൽ സ്‌നേഹ പറഞ്ഞു.
പാകിസ്ഥാനില്‍ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ബഹുസ്വരത എന്നത് പാകിസ്ഥാന് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. അവര്‍ ഭരണഘടനാപരമായി തന്നെ ന്യൂനപക്ഷങ്ങള്‍ ഉയര്‍ന്ന പദവികളില്‍ എത്തുന്നതിനെ വിലക്കുന്നു. ലോക വേദിയില്‍ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് പാകിസ്ഥാന്‍ ആത്മപരിശോധന നടത്തണമെന്നും സ്‌നേഹ ആവശ്യപ്പെട്ടു.
ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. പാകിസ്താൻ അനധികൃതമായ കൈവശംവെച്ചിരിക്കുന്ന ഭാഗങ്ങളും ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും യു.എൻ പൊതുസഭയിൽ സ്‌നേഹ ദുബെ നിലപാട് വ്യക്തമാക്കി. യു.എൻ പൊതുസഭയിലെ പ്രസംഗത്തിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ കശ്മീരിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഹുറിയത് നേതാവ് സയിദ് അലി ഷാ ഗിലാനിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ഇംറാൻ ഖാന്‍റെ പരാമർശം.