തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കും ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിവേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഓണ്‍ലൈന്‍ ഓഫ്ലൈന് ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായിചേർന്ന ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്കൂളുകള്‍ തുറക്കും. അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കും. ഗതാഗത, പൊതുമരാമത്ത്, തദ്ദേശ വകുപ്പുമായി കൂടിയാലോചന നടത്താനും തീരുമാനമായി. പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രൈമറി ക്ലാസുകളിലെ കുട്ടികളുമായി ബന്ധപ്പെട്ട് എല്ലാ ആശങ്കകളും അകറ്റുമെന്നും അന്തിമ തീരുമാനം പിന്നീടറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളും എല്ലാ വിദ്യാലയങ്ങളും സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്കുകള്‍ തയ്യാറാക്കും. സ്കൂളുകളിലും മാസ്കുകള്‍ നിര്‍ബന്ധമായും കരുതണം. വിദ്യാഭ്യാസ- ആരോഗ്യ വകുപ്പ് മന്ത്രമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്ലസ് വണ്‍ പ്രവേശനത്തിന് അണ് എയ്ഡഡില്‍ സീറ്റ് കൂട്ടുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു.