വാഷിംഗ്ടൺ ഡിസി:ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി.മറ്റന്നാൾ ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്സുമായും പ്രത്യേക ചർച്ച നടത്തും.പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് പര്യടനമാണിത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്.
യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും സന്ദർശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും അമേരിക്കൻ യാത്രയിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.