കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്.സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായസംഭവം . ഭാര്യയുടെ ശസ്ത്രക്രിയക്കെത്തിയ കൂലിപ്പണിക്കാരനായ യുവാവിനോടായിരുന്നു ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.2000 രൂപയാണ് കൈക്കൂലി ചോദിച്ചുവാങ്ങിയത്. തുടര്‍ന്ന് ഐ.എം.സി.എച്ച് സൂപ്രണ്ടിന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.എന്നാല്‍ ഇതിന് പിന്നാലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ യുവാവിനെ ഫോണില്‍ വിളിച്ചു. ഈ സംഭാഷണം യുവാവ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു.