കാബൂൾ: ഖേദപ്രകടനം പോരെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യുഎസ് ഡ്രോൺ ആക്രമണത്തിൽ ഏഴു കുട്ടികളടക്കം പത്തു പേരെ നഷ്ടമായ അഫ്ഗാൻ കുടുംബം. വീഴ്ച വരുത്തിയ സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം യുഎസിനോട് ആവശ്യപ്പെട്ടു.
കാബൂൾ വിമാനത്താവളത്തിൽ നടന്ന സ്ഫോടനത്തിനു പിന്നാലെ ഓഗസ്റ്റ് 29ന് വിമാനത്താവളം ലക്ഷ്യമാക്കി പുറപ്പെട്ട ചാവേർ സംഘത്തെ ഡ്രോൺ ആക്രമണത്തിലൂടെ വകവരുത്തിയെന്നാണ് യുഎസ് അവകാശപ്പെട്ടിരുന്നത്.
എന്നാൽ, കൊല്ലപ്പെട്ടത് നിരപരാധികളാണെന്നും ഗുരുതരമായ പിഴവു സംഭവിച്ചെന്നും യുഎസ് സേന സമ്മതിച്ചതിനു പിന്നാലെയാണ് ഇരകളായ കുടുംബത്തിൻ്റെ പ്രതികരണം. ഇന്റലിജൻസ് പിഴവാണെന്ന് കമാൻഡർ ജനറൽ കെന്നത്ത് മക്കൻസി വ്യക്തമാക്കിയതിനു പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ ക്ഷമാപണം നടത്തിയിരുന്നു.
ജനവാസ മേഖലയാണെന്നും സ്ഥലത്ത് കുട്ടികളുടെ സാന്നിധ്യമുണ്ടെന്നും ആക്രമണത്തിനു തൊട്ടുമുൻപ് സിഐഎ മുന്നറിയിപ്പു നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. ഐഎസ് ഭീകരരെന്നു തെറ്റിദ്ധരിച്ച് നടത്തിയ ആക്രമണത്തിൽ യുഎസ് സന്നദ്ധ സംഘടനയുടെ ജീവനക്കാരനായ സമീരി അഹ്മദിയുടെ വാഹനത്തിനു മുകളിലാണു മിസൈൽ പതിച്ചത്. കൊല്ലപ്പെട്ടവരെല്ലാം സമീരിയുടെ കുടുംബാംഗങ്ങളാണ്.
കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ന്യൂട്രിഷൻ ആൻഡ് എജ്യുക്കേഷൻ ഇന്റർനാഷനൽ സന്നദ്ധ സംഘടനയിൽ ജീവനക്കാരനായിരുന്നു സമീരി. സഹപ്രവർത്തകരെ വിവിധ സ്ഥലങ്ങളിൽ ഇറക്കി ഖ്വാജാ ബുർഗയിലെ സ്വന്തം വീട്ടിലെത്തിയ സമയത്താണ് മിസൈൽ പതിച്ചത്. സമീരി വന്നതറിഞ്ഞ് പുറത്തുവന്ന കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളാണു കൊല്ലപ്പെട്ടത്.
സമീരിക്കു(43) പുറമെ നാസർ (30), സമീർ (20), ഫൈസൽ (16), ഫർസദ് (10), അർവിൻ (7), ബെന്യമിൻ (6), ഹയാത് (2) മലിക, സുമയ (രണ്ടുപേരും 3 വയസ്സ്) എന്നിവരാണു കൊല്ലപ്പെട്ടത്. എട്ടു മണിക്കൂർ നിരീക്ഷണത്തിനു ശേഷമാണ് സമീരിയുടെ വാഹനത്തിനു നേരെ യുഎസ് ആക്രമണം നടത്തിയത്. വാഹനത്തിൽ സ്ഫോടനവസ്തുക്കളുണ്ടെന്നായിരുന്നു നിഗമനം.