ചെന്നൈ: നീറ്റ് പരീക്ഷാ പരാജയ ഭീതിയിൽ തമിഴ്നാട്ടിൽ വിവിധ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ധൈര്യം പകർന്ന് തമിഴ് സിനിമാ താരം സൂര്യ. ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാമെന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുതെന്നും സൂര്യ വിദ്യാർത്ഥികളെ ഓർമിപ്പിക്കുന്നു. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങൾക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോൾ മനസിൽ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല.
നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ അത് നിങ്ങൾക്ക് വിശ്വാസമുള്ളവരുടെ അടുത്തോ ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. കുറച്ച് നേരങ്ങളിൽ മാറുന്ന കാര്യങ്ങളാണ് ഭയവും വേദനയും.
என் தம்பி தங்கைகளுக்கு…
அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN— Suriya Sivakumar (@Suriya_offl) September 18, 2021
ഞാൻ പരീക്ഷകളിൽ തോറ്റിട്ടുണ്ട്, മോശമായ മാർക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളിൽ ഒരാളപ്പോലെ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്, നേടാൻ കുറേയേറെ കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം – സൂര്യ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്നു.